
‘നീ പോ മോനേ ദിനേശാ എന്ന തന്റെ ഹിറ്റ് ഡയലോഗിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ മോഹൻലാൽ. ആ വാക്കുകൾ കാഷ്വൽ ആയിട്ടുള്ള ഒരു മനോഭാവമല്ല ഉൾക്കൊള്ളുന്നതെന്നും, എനിക്ക് എന്ത് വന്നാലും ഞാൻ അതിനെ നേരിടും. എല്ലാ കർമ്മങ്ങൾക്കും ഞാൻ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോഗ് തരുന്നതെന്നും മോഹൻലാൽ പറഞ്ഞു. മൈ ജിഒവി പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നീ പോ മോനേ ദിനേശാ…വളരെ മനോഹരമായ ഒരു ഡയലോഗാണത്. അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നതു പോലെയാണ്. പക്ഷേ അത് കാഷ്വൽ ആയിട്ടുള്ള ഒരു മനോഭാവം അല്ല. എനിക്ക് എന്ത് വന്നാലും ഞാൻ അതിനെ നേരിടും. എല്ലാ കർമ്മങ്ങൾക്കും ഞാൻ ഉത്തരവാദിയാണ് എന്നൊരു ആശയമാണ് ആ ഡയലോഗ് തരുന്നത്. നിങ്ങൾക്കറിയാമോ, ഞാൻ എന്ത് ചെയ്താലും അതിന്റെ ഉത്തരവാദി ഞാൻ തന്നെയാണ്. അതുകൊണ്ട് ഞാൻ അതിനെ ആ സ്പിരിറ്റിലാണ് എടുക്കുന്നത്. നീ പോ മോനേ ദിനേശാ…”മോഹൻലാൽ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹത്തിലെ ഐക്കണിക് ഡയലോഗാണിത്. ഇന്ദുചൂഡന്റെ ഈ ട്രേഡ്മാർക്ക് ഡയലോഗ് ഇന്നും മലയാളികൾക്കിടയിൽ ഹിറ്റാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് നരസിംഹം സംവിധാനം ചെയ്തത്. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. കോഴിക്കോട് ഒരു ക്ലബില്‍ നിന്നാണ് ഈ ഡയലോഗ് കിട്ടുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒരിക്കൽ പറഞ്ഞിരുന്നു.