
കല്യാണം കഴിഞ്ഞ അന്ന് മുതൽ തന്റെ വരവ് ചിലവ് കണക്കുകളെ നോക്കുന്നത് ഭാര്യ ആരതിയാണെന്ന് നടൻ ശിവകാർത്തികേയൻ. തന്റെ അക്കൗണ്ടിൽ എത്ര പണം ഉണ്ടെന്ന് പോലും തനിക്ക് അറിയില്ലെന്നും എല്ലാം നോക്കുന്നത് ഭാര്യ ആണെന്നും ശിവകാർത്തികേയൻ പറഞ്ഞു. ശിവകാർത്തികേയൻ ആദ്യമായി നിർമ്മാതാവായ ചിത്രം തായ്കിഴവി 50 കോടി ക്ലബ്ബിൽ ഇടം നേടിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ തായ്കിഴവിയില്‍ എനിക്ക് എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും കാണാന്‍ സാധിച്ചു. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും, എന്നെയും ചേച്ചെയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചതും അമ്മയാണ്.
ആ അമ്മയില്‍ ഒരു പാവുണുതായിയുണ്ട്. കല്യാണം കഴിഞ്ഞ് രണ്ട് മക്കളായതിന് ശേഷമാണ് എന്റെ ചേച്ചി എംഎന്‍സിയില്‍ എംഡി പഠിച്ച് ഗോള്‍ഡ് മെഡലിസ്റ്റ് ആയത്. പാഷന്‍ എപ്പോള്‍ വേണമെങ്കിലും മുന്നോട്ട് കൊണ്ടു പോകാം എന്ന് എനിക്ക് കാണിച്ചു തന്ന എന്റെ ചേച്ചിയില്‍ എനിക്കൊരു പാവുണുതായിയെ കാണാം.’ ശിവകാർത്തികേയൻ പറഞ്ഞു.
‘സിനിമയില്‍ രാധിക മാം അവസാനം പറയുന്ന ഒരു ഡയലോഗുണ്ട്, എന്തും പടയ്ക്കാനും, സംരക്ഷിക്കാനും, സ്വന്തമാക്കാനും ആണ്‍ ദൈവങ്ങളെ കുമ്പിടാന്‍ പറഞ്ഞവന്‍, പഠിപ്പിനും പണത്തിനും പെണ്‍ദൈവത്തെയാണ് തൊഴുന്നത് എന്ന്. അത് ഞാന്‍ നേരത്തെ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ വീട്ടിലെ വരവ് ചെലവ് എല്ലാം നോക്കുന്നത് ഭാര്യ ആരതിയാണ്. എന്റെ അക്കൗണ്ടില്‍ എത്ര കാശുണ്ട് എന്ന് പോലും എനിക്കറിയില്ല. എന്റെ ആവശ്യത്തിന് ഞാന്‍ ആരതിയോട് ചോദിച്ച് വാങ്ങുകയാണ് ചെയ്യാറുള്ളത് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും. ആരതി അതെല്ലാം കൃത്യമായി നോക്കുന്നത് കൊണ്ടാണ് എനിക്ക് സിനിമ നിര്‍മിക്കാന്‍ കഴിയുന്നത്.’ ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേർത്തു.
തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ താരങ്ങൾ ഇല്ലാത്ത ഈ കുഞ്ഞു ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. 80 വയസുള്ള പാവുണുതായി എന്ന പണമിടപാടുകാരിയെയാണ് രാധിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.