
“ക്രോണിക് ബാച്ച്ലർ’ എന്ന സിനിമയ്ക്കായി സംവിധായകൻ സിദ്ദീഖ് നേരിടേണ്ടി വന്ന മാനസിക വിഷമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രമുഖ നിർമ്മാതാക്കളും സുഹൃത്തുക്കളും കൈവിട്ട ഘട്ടത്തിൽ ഗുരുവായ ഫാസിൽ ആണ് സിദ്ദീഖിന്റെ രക്ഷകനായി എത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മമ്മൂട്ടിയെ നായകനാക്കി സിദ്ദീഖ് പ്ലാൻ ചെയ്ത ‘ക്രോണിക് ബാച്ച്ലർ’ ആദ്യം നിർമ്മിക്കാമെന്നേറ്റത് ആൽവിൻ ആന്റണിയായിരുന്നു. കഥാചർച്ചകൾക്കായി സിദ്ദീഖ് ഒരു മാസത്തോളം ദുബായിൽ താമസിച്ചെങ്കിലും പിന്നീട് ആൽവിൻ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറി. തുടർന്ന് സ്വർഗചിത്ര അപ്പച്ചനെ സമീപിച്ചെങ്കിലും മമ്മൂട്ടി ചിത്രങ്ങൾക്ക് അന്ന് വിതരണക്കാർ പണം നൽകില്ലെന്നും പകരം ജയറാമിനെ വെച്ച് സിനിമ ചെയ്യാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് നിർമ്മാതാവ് ലിബർട്ടി ബഷീർ സിനിമ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സിദ്ദീഖ് സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് പാട്ടുകളുടെ റെക്കോർഡിങ്ങും ഷൂട്ടിങ്ങും ആരംഭിച്ചു. എന്നാൽ ഷൂട്ടിങ് തുടങ്ങി നാലാം ദിവസം ബഷീറും പിന്മാറി.
പ്രതിസന്ധിയിലായ സിദ്ദീഖ് തന്റെ മുൻ പങ്കാളി ലാലിനെ സമീപിച്ചെങ്കിലും, മുകേഷിന് പകരം ദിലീപിനെ നായകനാക്കണമെന്ന നിബന്ധന ലാൽ മുന്നോട്ടുവെച്ചു. ഒടുവിൽ ഷൂട്ടിങ് മുടങ്ങുമെന്ന അവസ്ഥയിൽ സിദ്ദീഖ് ഗുരുവായ ഫാസിലിനെ കണ്ട് സങ്കടം ബോധിപ്പിച്ചു. യാതൊരു നിബന്ധനകളുമില്ലാതെ ഫാസിൽ ചിത്രം ഏറ്റെടുക്കുകയും ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു. വിഷുവിന് റിലീസ് ചെയ്ത ചിത്രം നൂറു ദിവസത്തിലേറെ ഓടി വലിയ വിജയമായി മാറി.
സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്റെ തുടക്കകാലത്തെ പ്രതിസന്ധികളെ കുറിച്ചും ആലപ്പി അഷ്റഫ് വിവരിച്ചു. ഇവരുടെ ആദ്യ ചിത്രമായ ‘റാംജി റാവു സ്പീക്കിങ്’ കണ്ട വിതരണക്കാർ സിനിമയിലെ പ്രധാന ഭാഗങ്ങൾ വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ടപ്പോൾ, നഷ്ടം വന്നാൽ താൻ പരിഹരിക്കാമെന്ന ഫാസിലിന്റെ ഉറപ്പിലാണ് ചിത്രം മാറ്റമില്ലാതെ റിലീസ് ചെയ്തത്. പിന്നീട് ‘ഇൻ ഹരിഹർ നഗർ’ നിർമ്മിക്കാൻ ആരും മുന്നോട്ടുവരാതിരുന്നപ്പോൾ ഫാസിലും സഹോദരൻ കയസും കുര്യച്ചൻ വാളക്കുഴിയും ആലപ്പി അഷ്റഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
തന്റെ അവസാന നാളുകളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും സിദ്ദീഖിനെ അലട്ടിയിരുന്നതായും അഷ്റഫ് പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ‘മാഡ് ഡോക്ടർ’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെടുകയും സിനിമ ഉടൻ തുടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്ത ദിവസമാണ് സിദ്ദീഖിന് അസുഖം വർദ്ധിച്ചത്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്ന ആഗ്രഹത്തോടെ തയ്യാറാക്കിയ ആ കഥ പൂർത്തിയാക്കാൻ കഴിയാതെയാണ് സിദ്ദീഖ് വിടവാങ്ങിയതെന്നും ആലപ്പി അഷ്റഫ് അനുസ്മരിച്ചു.