“കോടതി തീരുമാനിക്കുന്നത് വരെ അവരാണ് വിജയ്‌യുടെ ഭാര്യ, മൂന്നാമതൊരാളെ കുറിച്ച് ഞാനെന്തിന് പറയണം”; പാർത്ഥിപൻ

','

' ); } ?>

നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതിനു ശേഷവും തനിക്കെതിരെയുള്ള അക്രമണം വേദനിപ്പിക്കുന്നുവെന്ന് നടൻ പാർത്ഥിപൻ. ഖേദ പ്രകടനം ആത്മാർത്ഥമായിരുന്നുവെന്നും, പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ലെന്നും പാർത്ഥിപൻ പറഞ്ഞു. കൂടാതെ വിജയ്‌യുടെ വളർച്ചയിൽ സന്തോഷിക്കുന്ന ആളാണ് താനെന്നും, അദ്ദേഹത്തിൻ്റെ ഭാര്യ കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യയെന്നും പാർത്ഥിപൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ‘പാർഥിപ്പനോടൊപ്പം’ എന്ന രീതിയിലുള്ള ഹാഷ്‌ടാഗുകളുമായി തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു ചടങ്ങിൽ വെച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി, അതാണ് വാസ്ത‌വം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു എന്നത് 100 ശതമാനം നുണയാണ്. ഞാൻ ആരുടെയും അടിമയല്ല, ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. ഇപ്പോഴല്ല, മരണം വരെ ഞാൻ അത് ചെയ്യുകയുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല. ആ ചടങ്ങിന് ഞാൻ വന്നപ്പോൾ കലൈവാണർ അരംഗത്തിൽ ‘ഒരു അരമണിക്കൂർ ഇവിടെ ഇരിക്കു’ എന്ന് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോൾ ‘വലൈ പേച്ച്’ അന്തനൻ ഈ പരിപാടിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. വിജയ് ഇപ്പോൾ എത്ര ഉയരത്തിൽ എത്തിയിരിക്കുന്നു, അടുത്തത് അദ്ദേഹം തന്നെ എന്ന നിലയിലേക്ക് വളരുമ്പോൾ, ഈ സ്ത്രീ (തൃഷ) എന്ത് ചെയ്യണമായിരുന്നു? ഇവർക്ക് 40 വയസ്സിന് മുകളിലായി. ഇവർക്ക് ‘ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വരൂ’ എന്ന് പറഞ്ഞ് ആ ഇമേജ് കാത്തുസൂക്ഷിക്കാമായിരുന്നു. അവർ വീട്ടിലിരിക്കുകയും വിജയ് മാത്രം പോകുകയും ചെയ്‌തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലരും സംസാരിക്കുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകൻ പോലും എന്നോട് പറഞ്ഞത്, മാച്ചിങ് ആയ സാരി വാങ്ങി നൽകിയാൽ പോലും ‘ഈ സാരി ഉടുത്ത് ഞാൻ വീട്ടിലിരിക്കാം, നിങ്ങൾ പോയിട്ട് വരൂ’ എന്ന് അവർ പറയണമായിരുന്നു എന്നാണ്. ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരുന്നു.” പാർത്ഥിപൻ പറഞ്ഞു.

“യഥാർഥത്തിൽ വിജയ് സർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും. കരൂർ പ്രശ്‌നത്തിൽ പോലും ഇത്ര വലിയ ബാധ്യത വരാത്ത രീതിയിലായിരുന്നു വിമർശനങ്ങൾ. പക്ഷേ ഈ ഒരു ചടങ്ങ് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായി. ഈ ചടങ്ങിൽ ആ സ്ത്രീ പങ്കെടുക്കാതിരിക്കാമായിരുന്നു എന്നത് എൻ്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പറയാൻ വേണ്ടിയല്ല ഞാൻ ആ വേദിയിൽ പോയത്. അവിടെ ആരൊക്കെ സംസാരിക്കണം എന്നത് മുൻകൂട്ടി തീരുമാനിച്ച കാര്യമായിരുന്നു. അതുകൊണ്ട് ഇവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണം എന്ന വലിയ ലക്ഷ്യമൊന്നും എനിക്കില്ല. ‘കുന്ദവൈയെ’ വീട്ടിൽ തന്നെ വയ്ക്കാമായിരുന്നു. പുറത്ത് വന്നതുകൊണ്ടല്ലേ ഇത്രയും വലിയ പ്രശ്‌നമായത് എന്നൊരു ആത്മഗതമായിരുന്നു അത്. സത്യത്തിൽ പക്ഷേ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വേറൊരു വിഡിയോയിലൂടെ അത് പുറത്തുവന്നിരുന്നു.

അതൊരു വലിയ ബാധ്യതയായത് എങ്ങനെയെന്നാൽ, ഞാൻ പറഞ്ഞത് ഒരു സ്ത്രീയെ കുറിച്ചാണ്. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു മൂന്നാം വ്യക്തിയെ കുറിച്ച്. കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യ. ആ സ്‌ഥാനത്താണ് അവർ ഇരിക്കുന്നത്. അപ്പോൾ ഈ മുന്നാം വ്യക്‌തിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല.” പാർത്ഥിപൻ കൂട്ടിച്ചേർത്തു.

അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം നടൻ നടത്തിയത്. അറിവില്ലായ്‌മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്‌തിയേക്കാൾ പ്രസ്‌താവന നടത്തുന്നവരുടെ വ്യക്‌തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു.

വിവാഹമോചന വാർത്തകളുമായി ബന്ധപ്പെട്ട് ടിവികെയുടെ പരിപാടിയിൽ വിജയ് നടത്തിയ പ്രസംഗത്തേയും പാർഥിപൻ വിമർശിച്ചിരുന്നു. തനിക്കെതിരായി പുറത്തുവരുന്ന വാർത്തകളിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം. ‘അതിൽ കാര്യമുണ്ട്. കാരണം സ്ത്രീ മറ്റൊരു ഭൂമിയാണ്. നാം ഭൂമിയെ ദേവിയെന്നാണ് വിളിക്കുന്നത്. ഭൂമിയെ പുരുഷനാമത്തിൽ വിളിക്കുന്നില്ല. ആരായിരുന്നാലും അവൻ സ്ത്രീയിൽനിന്നാണ് ജനിക്കുന്നത്. ശിവന്റെ ശക്‌തിപോലും ഒരു സ്ത്രീയാണ്’, വനിതാദിനത്തിൽ പാർഥിപൻ പ്രതികരിച്ചു.