“വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു”;മമ്മൂട്ടിയോട് മുഖ്യമന്ത്രി

','

' ); } ?>

മമ്മൂട്ടിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതില്‍ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ എന്തും വിവാദമാക്കാന്‍ നടക്കുന്നവര്‍ മമ്മൂട്ടി പറഞ്ഞതിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ ആരും ക്ഷണിക്കാതെ തന്നെ ഒരുപാട് ആളുകള്‍ എത്തി. അങ്ങനെ വന്ന ഒരാളാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ആരെയും അറിയിച്ചുകൊണ്ടായിരുന്നില്ല മമ്മൂട്ടിയുടെ സന്ദര്‍ശനം. വരണമെന്ന് തോന്നി അദ്ദേഹം എത്തിയതാണ്. എല്ലാഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന പ്രമുഖ സ്ഥാനത്തുള്ളവരില്‍ ഒരാളാണ് മമ്മൂട്ടി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപഴകുന്നുണ്ട്. അന്നേ ദിവസം ചെന്നൈയില്‍ നിന്ന് നന്നേ കാലത്ത് കോഴിക്കോട് എത്തിയ ശേഷമാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതില്‍ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.

‘സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് സ്വാഭാവികമെന്ന നിലയില്‍ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെയാണ് സോഷ്യൽ മീഡിയ വിവാദമാക്കിയത്. കേരളത്തില്‍ എന്തും വിവാദമാക്കാന്‍ നടക്കുന്നവരുണ്ടല്ലോ. അവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കരുത് എന്ന സദുദ്ദേശത്തോടെയായിരുന്നു മമ്മൂട്ടി അക്കാര്യം പറഞ്ഞത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞതല്ല അത്. ശരീരത്തില്‍ ക്യാമറ വെച്ച് നടക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരാള്‍ അവിടെയുണ്ടായിരുന്നു. ഇത് വിവാദമാക്കാന്‍ താത്പര്യമുള്ളവര്‍ വലിയ തോതില്‍ വിവാദമാക്കി. മമ്മൂട്ടി അപമാനിച്ചു, ക്ഷുഭിതനായി എന്നുള്ള വാര്‍ത്തകള്‍ വന്നു. മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. എന്തൊരു നിര്‍ഭാഗ്യകരമായ സ്ഥിതിയാണിത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവര്‍ത്തിയായിരുന്നു ആ യാത്ര. എന്നിട്ടും അത് വിവാദമാക്കി. സിപിഐഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാര്‍ത്തകള്‍ വന്നു. റഫീഖ് അതില്‍ കൃത്യമായ പ്രതികരണമാണ് നടത്തിയത്. ഒരു അധിക്ഷേപവും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന കെ റഫീഖിനോട് മമ്മൂട്ടി മാറിനില്‍ക്കാന്‍ പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. ”നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ”, എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അതേസമയം, ടൗണ്‍ഷിപ്പിലേത് സ്വകാര്യ സന്ദര്‍ശനം മാത്രമാക്കി നിലനിര്‍ത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി ചെന്നൈയില്‍ നിന്ന് എത്തിയത് ടൗണ്‍ഷിപ്പ് കാണാന്‍ മാത്രമാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദര്‍ശനമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടൗണ്‍ഷിപ്പിലേക്ക് വരാന്‍ ആരോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നില്ല. സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി അനുഗമിക്കുകയും ജനങ്ങളെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് മമ്മൂട്ടി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.