
ആറ്റുകാല്‍ പൊങ്കാലക്കെത്തിയ വേഷത്തിൽ വിമർശനം നേരിട്ടതിൽ മാപ്പ് പറഞ്ഞ നടി അന്ന രാജനെ പിന്തുണച്ച് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. അന്ന മാപ്പ് പറയേണ്ട കാര്യമില്ലെന്നും, നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന മാധ്യമങ്ങളാണ് മാപ്പുപറയേണ്ടതെന്നും മാധവ് സുരേഷ് പറഞ്ഞു. കൂടാതെ നമ്മള് ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മാധവ് കുറ്റപ്പെടുത്തി. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘അമ്പലത്തില്‍ പൂജയ്ക്കെത്തിയ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാവാന് നടക്കുന്നവരും ക്ലിക്കുകള്‍ക്കും കാഴ്ചകള്‍ക്കുമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. അതുകാരണം, സെലിബ്രിറ്റികള്‍ക്ക് അവരുടെ നിലനില്‍പ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു. നിങ്ങള്‍ മാപ്പുപറയേണ്ട കാര്യമില്ല, അന്നാ. കാരണം, നിങ്ങള്‍ ഒന്നുംചെയ്തിട്ടില്ല. എന്നാല്‍, നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന ഈ മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്. നമ്മള് ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.’ മാധവ് സുരേഷ് കൂട്ടിച്ചേർത്തു.
ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും, തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുവെന്നുമായിരുന്നു അന്ന രാജന്റെ വിശദീകരണം. അന്നയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ എത്തി.
കുറഞ്ഞപക്ഷം ഇത്തരം മീഡിയകളെ ആരാധനാലയത്തിലേക്ക് പോകുമ്പോൾ ക്ഷണിക്കരുത്. അത് നിങ്ങളുടെ തെറ്റാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു ഒരു ഫോളോവർ കുറിച്ചത്. എന്തുകൊണ്ട് തെറ്റായ രീതിയിൽ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തിയ ആളുകൾക്കെതിരെ നിങ്ങൾ പരാതി നൽകുന്നില്ല?. എപ്പോഴും നിങ്ങൾ അവരെ രസിപ്പിക്കുന്നു. അതിനാൽ അവർ ആ പ്രവൃത്തി തുടരുന്നുവെന്നും ചിലർ കുറിച്ചു.
കഴിഞ്ഞ ദിവസം അന്ന രാജൻ ആറ്റുകാൽ പൊങ്കല ഇടാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം നേരിട്ടിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്.
സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്ന തരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു. അന്നയുടെ ആദ്യത്തെ പൊങ്കാലയായിരുന്നു അത്.