
ഓസ്കാർ വേദിയിൽ മമ്മൂട്ടി ചിത്രം ഭ്രമയുഗം പ്രദർശിപ്പിക്കപ്പെട്ടതിനു പിന്നാലെ വൈറലായി മമ്മൂട്ടിയുടെ മലയാള സിനിമയെ കുറിച്ചുള്ള പഴയ അഭിമുഖം. “നമുക്ക് എല്ലാവർക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടുവയ്ക്കണം”, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഈ വാക്കുകൾ മമ്മൂട്ടി പാലിച്ചെന്ന തരത്തിലുള്ള വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഓസ്കർ അക്കാദമിയിൽ ‘മോളിവുഡ് ലെജന്റ് മമ്മൂട്ടി’ എന്ന് അവതാരക പറയുന്ന കാര്യങ്ങളും ഭ്രമയുഗത്തിന്റെ രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘Where the Forest Meets the Sea’ എന്ന വിഭാഗത്തിൽ ഫെബ്രുവരി 12ന് ആയിരുന്നു ഭ്രമയുഗം അക്കാദമിയിൽ പ്രദർശിപ്പിച്ചത്. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ 2024ൽ ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രമാണ് ഭ്രമയുഗം. ചിത്രം ആഗോള തലത്തിൽ 60 കോടിയിലേറെ രൂപ കളക്ട് ചെയ്തിരുന്നു. ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ എന്നിവരും അഭിനയിച്ച ചിത്രത്തിന് നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നിവയാണ് പുരസ്കാരങ്ങള്‍.