
നടൻ ബിജു മേനോനെതിരെ കടുത്ത വിമർശനവുമായി പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷ. നടൻ ബിജു മേനോന്റെ നിസ്സഹകരണം മൂലം നിർമ്മാതാവിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന ബി. ഉണ്ണികൃഷ്ണൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബാദുഷയുടെ പ്രതികരണം. സിനിമയോടും നിർമാതാവിനോടും പ്രതിബദ്ധത കാണിക്കാത്ത ഇത്തരം പ്രവണതകൾ അത്യന്തം മോശമാണെന്നും, എല്ലാ താരങ്ങളും ഇല്ല വളരെ കുറച്ചു താരങ്ങൾ ഇങ്ങനെയുള്ള പ്രവണത കാണിക്കാറുണ്ടെന്നും ബാദുഷ പറഞ്ഞു.
“എല്ലാ താരങ്ങളും ഇല്ല വളരെ കുറച്ചു താരങ്ങൾ ഇങ്ങനെയുള്ള പ്രവണത കാണിക്കാറുണ്ട്. അതിൽ ഇന്ന് ഉണ്ണിയേട്ടൻ പ്രവചിച്ച ഒരു ആർട്ടിസ്റ്റും ഉൾപ്പെട്ടിട്ടുണ്ട്. താരങ്ങൾ പ്രമോഷന് വരണം. താരങ്ങൾ പ്രമോഷന് വരാത്തത് വലിയ മോശമല്ലേ. അവർക്ക് ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു പ്രതിബദ്ധതയില്ലേ. അവർ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എഗ്രിമെന്റ് ഒപ്പിടുന്നുണ്ട്, അതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞിട്ടുണ്ട് പ്രമോഷൻ വയ്ക്കുമ്പോൾ ആർട്ടിസ്റ്റുകൾ കൃത്യമായി വരണം എന്ന്. എന്നിട്ടും വരാത്തത് ഭയങ്കര മോശമാണ് അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.” ബാദുഷ പറഞ്ഞു.
സിനിമകളുടെ പ്രമോഷനിൽ നിന്ന് പ്രമുഖ താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്തുവന്നിരുന്നു. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും നടൻ ബിജു മേനോൻ്റെ നിസ്സഹകരണം മൂലം ഒരു നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അനൂപ് കണ്ണൻ നിർമാണം നിർവഹിച്ച ‘നടന്ന സംഭവം’ സിനിമയുടെ പ്രമോഷനാണ് ബിജു മേനോൻ സഹകരിക്കാതിരുന്നത്. നടനെ ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും തന്റെ നഷ്ടം നികത്തിയില്ലെങ്കിൽ ബിജു മേനോനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അനൂപ് കണ്ണൻ വെളിപ്പെടുത്തുകയുണ്ടായി.
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ വാർത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളിലും ബിജു മേനോൻ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പരാതിയിൽ ഇതുവരെയും ബിജു മേനോൻ്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.