
നടൻ മണിയൻപിള്ള രാജുവിന്റെ മകനും, നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊടുങ്ങല്ലൂരിൽ വെച്ച് സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് നിരഞ്ജ് പരിക്കുകളില്ലാതെ രക്ഷപെട്ടത്. മസ്‌തിഷ്ക മരണം എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടികൾക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
“വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്‌നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെ.എസ്.ആർ.ടി.സി ബസാണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.” അപകടത്തെ കുറിച്ച് നിരഞ്ജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടൻ മണിയൻപിള്ള രാജുവിന്റെ വാഹനവും അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽ രണ്ട യുവാക്കൾക്ക് കാര്യമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ ചർച്ചയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജു, ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് വെളിപ്പെടുത്തിയിരുന്നു. ബൈക്ക് വളരെ വേഗത്തിൽ വന്ന് തൻ്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്‌തിരുന്നു.