
തന്നെ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും, കൂടെ ഫോട്ടോ എടുക്കാൻ ആരും വന്നില്ലെങ്കിലും താൻ തകർന്നു പോകുമെന്ന് തുറന്നു പറഞ്ഞ് നടൻ ജയറാം. “നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ടാ എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും” ജയറാം പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സിനിമയിൽ വരുന്ന ആളുകളുടെ പ്രധാന പ്രശ്നം അവരുടെ പ്രൈവസി പോകുന്നു എന്നുള്ളതാണ്, ആരെങ്കിലും പത്ത് പേര് വന്നില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്. ഒരു സ്ഥലത്ത് ചെന്നാൽ ആരും ഫോട്ടോയെടുക്കാൻ വരുന്നില്ല, ഒന്നിനും വരുന്നില്ല, എന്നെ തിരിച്ചറിയുന്നില്ല എന്നറിഞ്ഞാൽ ഞാൻ തകർന്നു പോകും. പുതിയ തലമുറ വരുന്നു, എപ്പോഴും നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ടാ എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷമില്ലേ, അത് തന്നെയാണ് ഏറ്റവും വലിയ കാര്യം.” ജയറാം പറഞ്ഞു.
“ആശകൾ ആയിരമാണ്” ജയറാമിന്റേതായി ഒടുവിലിറങ്ങിയ ചിത്രം. നീണ്ട 23 വർഷങ്ങൾക്ക് ശേഷം മകൻ കാളിദാസ് ജയറാമിനൊപ്പം എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പക്വതയാർന്ന അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത, സിനിമാമോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്.
ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.