
സിനിമകളിൽ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘കമ്മാരസംഭവം’, ‘തീർപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ യാദൃശ്ചികമല്ലെന്നും, ചുറ്റുമുള്ളവരിലും തന്നിലും താൻ കാണുന്ന ‘ഗ്രേ’ ഷേഡുകളാണ് തന്റെ കഥാപാത്രങ്ങൾക്കുള്ളതെന്നും മുരളി ഗോപി പറഞ്ഞു. കൂടാതെ ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി ജെയിൻ സർവ്വകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് ‘ദ അനാട്ടമി ഓഫ് എ സ്ക്രീൻപ്ലേ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ തന്നെ സിനിമകളായ ‘കമ്മാരസംഭവം’, ‘തീർപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ യാദൃശ്ചികമല്ല. ഒരു സിനിമയുടെ ഓരോ തലത്തിലും കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. വെറും ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറം ഓരോ കഥാപാത്രവും സ്വാഭാവികമായി പരിണമിക്കണം. ചുറ്റുമുള്ളവരിലും എന്നിലും ഞാൻ കാണുന്ന ‘ഗ്രേ’ ഷേഡുകളാണ് എന്റെ കഥാപാത്രങ്ങൾക്കുള്ളത്.” മുരളി ഗോപി പറഞ്ഞു.
“ഭയം തോന്നിയാൽ തീരുന്നതാണ് സർഗ്ഗാത്മകത. പിന്നെ എഴുതാൻ കഴിയില്ല. വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയെ വഴിയുള്ളു. സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. അത് ഒരു പരിമിത വിഭാഗത്തിന് വേണ്ടിയായാലും വലിയ ജനക്കൂട്ടത്തിന് വേണ്ടിയായാലും, തിയേറ്ററിൽ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണമാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്.” മുരളി ഗോപി കൂട്ടിച്ചേർത്തു.