
ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ചോദ്യം ചെയ്തെന്ന വാർത്ത നിഷേധിച്ച് മകനും നടനുമായ കാളിദാസ് ജയറാം. ഇന്നത്തെ വാർത്ത കണ്ടപ്പോൾ താൻ കരുതി അപ്പ എന്തോ കുമ്പിടിയാണെന്നും, ഒരേ സമയത്ത് രണ്ട് സ്‌ഥലത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് വിചാരിച്ചുവെന്നും കാളിദാസ് പറഞ്ഞു. ഇരുവരും ഒന്നിച്ചെത്തുന്ന ‘ആശകൾ ആയിരം’ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് കാളിദാസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് ജയറാമിനെ വ്യാഴാഴ്‌ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്നായിരുന്നു വാർത്ത.
അതേ സമയം അച്ഛനും മകനും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘ആശകൾ ആയിരം’. അച്‌ഛനും മകനുമായി തന്നെയാണ് ഇരുവരും വേഷമിടുന്നത്. ‘ഒരു വടക്കൻ സെൽഫി’ക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ കൂടിയാണിത്. ‘ആശകൾ ആയിരം’. ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‌ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ ജൂഡ് ആന്തണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണിയും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.