
കമൽ ഹാസനൊപ്പം അഭിനയിച്ച ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ചിത്രം തനിക്ക് നൽകിയത് വേദനിപ്പിക്കുന്ന ഓർമകളാണെന്ന് തുറന്ന് പറഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. “ചിത്രത്തിലെ ബലാത്സംഗ സീനിൽ തന്റെ വസ്ത്രങ്ങൾ കീറിപ്പോയെന്നും, കമൽ ഹാസനാണ് രക്ഷിച്ചതെന്നും” ഭാഗ്യലക്ഷ്മി പറഞ്ഞു. കൂടാതെ കമൽഹാസന്റെ ഇടപെടലിലൂടെ ആ രംഗങ്ങൾ പൂർണമായും കട്ട് ചെയ്ത് കളയുകയും ചെയ്‌തെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. യെസ് 27 നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
”ആ സിനിമയൊക്കെ എന്റെ ജീവിതത്തില്‍ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടില്ലെന്ന് മാത്രം. ആ സിനിമ അഭിനയിക്കാന്‍ പോയപ്പോള്‍ അതിലൊരു ബലാത്സംഗ സീനുണ്ട്. ഈ കുട്ടി ജോലിയ്ക്ക് വേണ്ടിയൊരു ഇന്റര്‍വ്യുവിന് പോകുന്നു, പിന്നീട് സഹോദരന്‍ വരുമ്പോഴാണ് ബലാത്സംഗം ചെയ്തുവെന്ന് മനസിലാകുന്നത്. അവിടെയൊരു ബലാത്സംഗ രംഗമുണ്ടായിരുന്നു. അത് കട്ട് ചെയ്തു കളഞ്ഞതാണ്.” ഭാഗ്യലക്ഷ്മി പറഞ്ഞു.
“പ്രതാപചന്ദ്രനായിരുന്നു ആ രംഗത്തില്‍ അഭിനയിച്ചത്. അന്ന് ബാലന്‍ കെ നായരും പ്രതാപചന്ദ്രനും സീന്‍ റിയലിസ്റ്റിക് ആക്കാന്‍ ഭയങ്കരമായി ആക്രമിക്കും. അങ്ങനെ ഭയങ്കരമായി ആക്രമിക്കുകയും ബ്ലൗസ് കീറുകയുമൊക്കെ ചെയ്തു. അതിന്റെയൊന്നും ആവശ്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലൊക്കെ മതി. ആ സമയത്ത് കമല്‍ഹാസന്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് ഓടി വന്നു. ഞാന്‍ അതൊന്നും പുസ്തകത്തില്‍ എഴുതിയിട്ടില്ല. രാജശേഖരന്‍ ആയിരുന്നു സംവിധായകന്‍. രാജേട്ടന്‍ ഈ സീന്‍ പൂര്‍ണമായും കട്ട് ചെയ്തു കളയാം എന്ന് പറഞ്ഞു. അങ്ങനെ ആ സീന്‍ പൂര്‍ണമായും എടുത്തു കളഞ്ഞു.” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചാമരം, സെല്ലുല്ലോയ്ഡ്, ഒരു മുത്തശ്ശി ഗദ, തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പേരും പെരുമയുമെല്ലാം നേടുന്നതിന് മുമ്പ്, കരിയറിന്റെ തുടക്കകാലത്തും ഭാഗ്യലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.