
‘വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും’ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് വർഷങ്ങൾക്കിപ്പുറം ഉത്തരം നൽകി സംവിധായകൻ വിനയൻ. “മനസ്സിൽ മൂന്നാം കണ്ണുള്ള അന്ധഗായകനായ രാമുവിൻ്റെ കഥാപാത്രത്തെ പ്രേക്ഷകർ അതുപോലെ സ്വീകരിക്കുമെന്ന് കരുതിയിരുന്നുവെന്നും, സംശയങ്ങളുടെ ഉത്തരം പ്രേക്ഷകർക്ക് വിട്ടു കൊടുത്തതായിരുന്നുവെന്നും വിനയൻ കുറിച്ചു. തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു വിനയന്റെ പ്രതികരണം.
“വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ക്ലൈമാക്‌സ് ഷൂട്ടിങിനിടെ തിരക്കഥാകൃത്ത് പള്ളാശ്ശേരിയോടൊത്ത് കലുഷിതമായ ചിന്തയിൽ നിൽക്കുന്ന ഈ ഫോട്ടോ യാദൃശ്ചികമായി പഴയ ആൽബത്തിൽ കണ്ടു. തന്റെ പെങ്ങൾ വാസന്തി ആത്മഹത്യ ചെയ്‌തത് എക്സ് എംപി തോമസ് സാറു കാരണമാണന്ന് അന്ധനായ രാമുവിനോട് ആരും പറഞ്ഞിരുന്നില്ല.. വാസന്തിക്കും ലക്ഷ്‌മിക്കുമല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു. തോമസ് മുതലാളിയുടെ ആ ക്രൂരത.” വിനയൻ കുറിച്ചു.
“വലിയ മാന്യനായി മരണവീട്ടിലെത്തി രാമുവിനെ സമാധാനിപ്പിക്കുന്ന തോമസ്സിനെ പക്ഷേ രാമു കഴുത്തു ഞെരിച്ചു കൊല്ലുന്നു. ആരും പറയാതെ രാമു എങ്ങനെ അറിഞ്ഞു…? ഈ സംശയം പ്രേക്ഷകന് ഉണ്ടാകില്ലേ എന്ന അഭിപ്രായം നിർമ്മാതാവ് വിന്ധ്യനുൾപ്പടെ ചോദിച്ചു. പക്ഷേ അതു പ്രേക്ഷകന് വിട്ടു കൊടുക്കുകയായിരുന്നു. മനസ്സിൽ മൂന്നാം കണ്ണുള്ള അന്ധഗായകനായ രാമുവിൻ്റെ കഥാപാത്രത്തെ ആ രീതിയിലായിരുന്നു സിനിമയിൽ ട്രീറ്റു ചെയ്‌തിരുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ അതുൾക്കൊള്ളുമെന്ന് ഉറപ്പുണ്ടായിരുന്നു.” വിനയൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് വിനയൻ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും’. കലാഭവൻ മണിക്ക് ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്ക്‌കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച ചിത്രം കൂടിയാണിത്.