
വിജയ് യുമായി ഒരിക്കലും ഒരു മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായിക സുധ കൊങ്കര. ‘വിജയ് യെപ്പോലെ ഒരു സൂപ്പർസ്‌റ്റാറിനോട് എങ്ങനെ മത്സരിക്കാനാണെന്നും, താൻ വിജയ്‌യുടെ ഏറ്റവും വലിയ ആരാധികയാണെന്നും‘ സുധ കൊങ്കര പറഞ്ഞു. നേരത്തെ വിജയ് ആരാധകർ പരാശക്തിക്കെതിരെ നടത്തുന്ന അക്രമണങ്ങൾക്കെതിരെ വിജയ്‌ക്കെതിരെ സുധ കൊങ്കര പരോക്ഷമായി പ്രതികരിച്ചിരുന്നു. ഇതിൽ വിശദീകരണവുമായാണ് ഇപ്പോൾ സുധ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധ കൊങ്കരയുടെ പരാമർശം.
‘ഞാൻ വിജയ്‌യുടെ ഏറ്റവും വലിയ ആരാധികയാണ്. വിജയ്ക്ക് തന്നെ ഇക്കാര്യം അറിയാം. വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചനകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല. എൻ്റെ സിനിമകൾ ഞാൻ രണ്ടായിരം തവണ കാണും എന്നാൽ ഫസ്‌റ്റ് ഡേ ഫസ്‌റ്റ് ഷോ സിനിമ അത് വിജയ്‌യുടേതാണ് കാണുക. ജനനായകൻ റിലീസ് ഞാൻ അത്രയധികം ആഗ്രഹിക്കുന്നുണ്ട്’. സുധ കൊങ്കര പറഞ്ഞു.
‘വിജയ് നമ്മുടെ രാജ്യത്തെ സൂപ്പർ സ്‌റ്റാറാണ്. അത്രയും വലിയ ഒരു നടനോട് ഞങ്ങൾ, മത്സരിക്കുമോ, ഒരിക്കലുമില്ല. ഞങ്ങളുടെ പടവും വിജയയുടെ സിനിമയും റിലീസ് ചെയ്യുന്നു അത്രയേ കരുതിയുള്ളൂ. പൊങ്കൽ റീലിസ് എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു. എന്നാൽ ‘ജനനായകന്’ സെൻസർ ബോർഡുമായുണ്ടായ പ്രശ്‌നങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. റിലീസിന് രണ്ട് ദിവസം മുൻപാണ് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് വിസമ്മതിച്ചത്. അത് ഒരു സിനിമയ്ക്കും സംഭവിക്കരുത്’. സുധ കൊങ്കര കൂട്ടിച്ചേർത്തു.
വിജയ് ചിത്രം ‘ജനനായകനും’ ‘പരാശക്തിയും’ ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ ‘പരാശക്തി’ ടീമിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിജയ് തന്റെ അവസാന സിനിമയുമായി എത്തുമ്പോൾ എന്തിനാണ് പരാശക്തിയുമായി മത്സരിക്കുന്നത് എന്ന് പലരും സുധ കൊങ്കരയോട് ചോദിച്ചിരുന്നു. ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’ ജനുവരി പത്തിനാണ് പൊങ്കൽ റിലീസായെത്തിയത്. ജനുവരി 9ന് എത്തേണ്ടിയിരുന്ന ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.