
ന്യൂസ് മലയാളത്തിന്റെ കലോത്സവ സെഗ്മെന്റിന്റെ പേര് ‘ഭാവന’ എന്നിട്ടതിൽ സന്തോഷമറിയിച്ച് നടി ഭാവന. ഒപ്പം സ്വന്തം നാട്ടിൽ നടക്കുന്ന കലോത്സവത്തിൽ എത്തിച്ചേരാനാവാത്തതിന്റെ നിരാശയും താരം പങ്കുവെച്ചു.
“ഭാവന എന്നാണ് കലോത്സവ കവറേജിന് പേര് നൽകിയിരിക്കുന്നത് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. എനിക്ക് അവിടെ നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിലും ഇങ്ങനെ അവിടെ സാന്നിധ്യം അറിയിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. സ്കൂൾ കലോത്സവം എനിക്കും ഒരുപാട് ഓർമകൾ ഉള്ള വേദിയാണ്.” ഭാവന പറഞ്ഞു.
“ഹോളി ഫാമിലി സ്കൂളിൽ പഠിച്ച കാലത്തെ ഓർമകളെ തട്ടിയുണർത്തി സ്വന്തം നാട്ടിലേക്ക് കലോത്സവം എത്തിയതിൽ സന്തോഷം വാനോളമാണ്. കലോത്സവം തൃശൂരിൽ നടക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അത് തരുന്ന ഒരുപാട് ഓർമകളുണ്ട്. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നല്ല ഓർമകൾ. കലകളുടെ ആഘോഷത്തിൽ ജയപരാജയങ്ങളേക്കാൾ അതിന്റെ ഭാഗമാകുന്നതും ആസ്വദിക്കുന്നതുമാണ് പ്രധാന കാര്യം.”ഭാവന കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 25 വേദികളിലായി 60 മത്സര ഇനങ്ങളാണ് നാലാം ദിനം അരങ്ങേറുക. 249ൽ 181 മത്സരങ്ങൾ പൂർത്തിയായപ്പോൾ 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്.