“ശ്രീനിവാസന്‍ കാലത്തിന് മുമ്പേ നടന്നു പോയത് നന്നായി, ശ്രീനാരായണ ഗുരു പറഞ്ഞിടത്തും നിന്നും നൂറ് കൊല്ലം പുറകോട്ട് പോകുന്ന അവസ്ഥയിലാണ് നമ്മള്‍”; ഗണേഷ് കുമാർ

','

' ); } ?>

ക്രിയാത്മകമായ എഴുത്തിന് പറ്റാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് വിമർശിച്ച് മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് സംസാരിക്കവെ സിനിമയിലെ സെന്‍സറിങ് വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശന്‍ ഒരുക്കിയ ധിം തരികിട തോം എന്ന സിനിമയില്‍ ശ്രീരാമനും ഹനുമാനും ഒരുമിച്ചിരുന്ന് ബീഡി വലിക്കുകയും ചീട്ട് കളിക്കുകയും ചെയ്യുന്ന രംഗമുണ്ടെന്നും, ഇന്നാണെങ്കിൽ അങ്ങനെ ഒന്ന് സാധിക്കുമോ എന്നും ഗണേഷ് കുമാർ ചോദിച്ചു.

”പ്രിയന്റെ ധിം തരികിട തോം എന്നൊരു സിനിമയുണ്ട്. എന്റെ അറിവില്‍ ആ സിനിമ സെറ്റിലിരുന്ന് എഴുതി ഉണ്ടാക്കിയത്. ആ സിനിമയില്‍ ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുകയാണ്. ഇന്നാണെങ്കില്‍ എന്തെല്ലാം കോലാഹലം ഈ രാജ്യത്തുണ്ടാകും. ഇതൊക്കെ ഇന്നത്തെ സിനിമയില്‍ പറയാന്‍ പറ്റുമോ? സെന്‍സര്‍ ബോര്‍ഡ് വിടുമോ? എന്തൊക്കെ ബഹളം ഈ രാജ്യത്തുണ്ടാകും.” ഗണേഷ് കുമാർ പറഞ്ഞു.

”നമ്മള്‍ പുറകോട്ട് പോകുന്നൊരു രാജ്യത്താണ് ജീവിക്കുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞിടത്തും നിന്നും നൂറ് കൊല്ലം പുറകോട്ട് പോകുന്ന അവസ്ഥയിലാണ് നമ്മള്‍. ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുന്നു, ഇപ്പുറത്ത് ശ്രീരാമന്‍ ഇരുന്ന് ചീട്ട് കളിക്കുന്നു. ഇതൊക്കെ ഇപ്പോള്‍ കാണിക്കാന്‍ സാധിക്കുമോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്. ക്രിയാത്മകമായ എഴുത്തിന് പറ്റാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ശ്രീനിവാസന്‍ കാലത്തിന് മുമ്പേ നടന്നു പോയത് നന്നായെന്നാണ് എനിക്ക് തോന്നുന്നത്.” ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി നായകനായ ജെഎസ്‌കെ, ഹാല്‍, പ്രൈവറ്റ്, അവിഹിതം തുടങ്ങിയ സിനിമകള്‍ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പഴയകാല സിനിമകളിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.