
പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയതെന്നും, വലിയ ഏകാന്തതയാണ് താൻ അനുഭവിച്ചതെന്നും പാർവതി പറഞ്ഞു. കൂടാതെ തെറാപ്പിയിലൂടെയാണ് താൻ ഇതിനെ മറികടന്നതെന്നും, തനിക്കൊരു സെക്‌സ് തെറാപ്പിസ്റ്റ് ഉണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
“എനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. ഞാൻ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തതയാണ് ഞാൻ അനുഭവിച്ചത്. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നു. തെറാപ്പിയിലൂടെയാണ് ഞാൻ ഇതിനെ മറികടന്നത്.” പാർവതി പറഞ്ഞു.
“രണ്ട് തരം തെറാപ്പികളാണ് ഇപ്പോഴുള്ളത്. ഇഎംഡിആർ (ഐ മൂവ്മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ് ഒന്ന്. മാനസികാഘാതം അഥവാ ട്രോമയെ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന തെറാപ്പിസ്റ്റിനെയാണ് ഇതിനായി സമീപിക്കുന്നത്. കൂടാതെ എനിക്കൊരു സെക്‌സ് തെറാപ്പിസ്റ്റ് ഉണ്ട്. ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നിട്ടുണ്ട്. പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ ഞാൻ ആരാണെന്ന മുൻധാരണകളില്ലാത്ത തെറാപ്പിസ്റ്റിനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയുരുന്നു. ആദ്യസമയത്തെ തെറാപ്പിസ്റ്റുകൾ യുഎസ്സിൽ നിന്നുള്ളവരായിരുന്നു. അവരുടെ സമയമനുസരിച്ച് പുലർച്ചെ ഒരുമണിക്കും രണ്ട് മണിക്കുമെല്ലാമായിരുന്നു തെറാപ്പി സെഷനുകൾ.” പാർവതി കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയായ ‘നോബഡി’യിൽ പാർവതി തിരുവോത്ത് ആണ് നായിക. ‘റോഷാക്കി’നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. അടുത്തിടെ സിനിമയിൽ സജീവമായ പാർവതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾക്കും വലിയ പ്രതീക്ഷയാണുള്ളത്. ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പാർവതിയാണ് നായിക. ദിലീഷ് പോത്തനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം ഹൃത്വിക് റോഷൻ നിർമിക്കുന്ന പുതിയ വെബ് സീരീസിലും പാർവതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.