
യാഷ് നായകനായെത്തുന്ന ‘ടോക്സിക്ക്’ മൂന്ന് മണിക്കൂർ പീഡനമായിരിക്കുമെന്ന് വിമർശിച്ച് നടനും നിരൂപകനുമായ കെആർകെ. സിനിമ താൻ കാണില്ലെന്നും, മൂന്നു മണിക്കൂറിലധികം നീളുന്ന ആ പീഡനം സഹിക്കാൻ താൻ തയ്യാറല്ലെന്നും കെആർകെ കുറിച്ചു. കൂടാതെ താൻ ‘ധുരന്ദർ 2’ കാണുമെന്നും, ആദിത്യ ധർ ഇനിയും എന്ത് വിഡ്ഢിത്തമാണ് കാണിക്കാൻ പോകുന്നതെന്ന് തനിക്കറിയണമെന്നും കെആർകെ കൂട്ടിച്ചേർത്തു. ‘ടോക്‌സികിന്റെ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെആർകെയുടെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ടോക്സിക്ക് എന്ന സിനിമയുടെ ടീസർ കണ്ടതിന് ശേഷം ആ സിനിമ കാണേണ്ടെന്ന് ഞാൻ തീരുമാനിച്ചു. കാരണം, മൂന്നുമണിക്കൂറിലധികം നീളുന്ന ആ പീഡനം സഹിക്കാൻ ഞാൻ തയാറല്ല. അതായത്, യാഷിൻ്റെ ഈ സിനിമ ഞാൻ റിവ്യൂ ചെയ്യുന്നില്ല. പക്ഷേ, ഞാൻ ‘ധുരന്ദർ 2’ കാണും. ആ മൂന്നുമണിക്കൂർ പീഡനം സഹിക്കുകയും ചെയ്യും. കാരണം, ആദിത്യ ധർ ഇനിയും എന്ത് വിഡ്ഢിത്തമാണ് കാണിക്കാൻ പോകുന്നതെന്ന് എനിക്കറിയണം.”കെആർകെ കുറിച്ചു.
അതേസമയം ടോക്‌സിക്ക് സിനിമയുടെ ടീസർ റിലീസായിതിനു പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഒരു രീതിയിലും കാണാൻ സാധിക്കാത്ത രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഗീതു മോഹൻദാസിനെതിരെയും കടുത്ത വിമർശനം ഉയരുന്നുണ്ട്.
ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു മുന്നറിയിപ്പാണ്” എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു ടീസർ പുറത്തു വിട്ടത്. യാഷിന്റെ ജന്മദിനത്തിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.