
മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്‌ഥാപകൻ പി.സുബ്രഹ്‌മണ്യത്തിന്റെ മകൻ എസ്.ചന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽഹാസൻ. ‘ഫോട്ടോഗ്രഫിയോട് അതിയായ താൽപര്യമുള്ള വ്യക്‌തിയായിരുന്നു ചന്ദ്രനെന്നും, ചന്ദ്രനെയും തന്നെയും ബന്ധിപ്പിച്ചത് കലയാണെന്നും കമൽഹാസൻ കുറിച്ചു. കൂടാതെ ചന്ദ്രൻ്റെ വിയോഗത്തിൽ താൻ അതീവദുഃഖിതനാണെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“മെറിലാൻഡ് സുബ്രഹ്‌മണ്യത്തിൻ്റെ മകൻ എസ്. ചന്ദ്രൻ്റെ വിയോഗത്തിൽ ഞാൻ അതീവ ദു:ഖിതനാണ്. അദ്ദേഹം ചലച്ചിത്ര നിർമാതാവും തിരുവനന്തപുരത്തെ പ്രശസ്‌തമായ ശ്രീ പത്മനാഭതിയറ്ററിന്റെ ഉടമയുമായിരുന്നു. ഞങ്ങളുടെ പ്രെഫഷനൽ കൂട്ടായ്മ്‌മയെക്കാളും, എന്റെ പല സിനിമകളും അദ്ദേഹത്തിന്റെ തിയറ്ററുകളിൽ ദീർഘകാലം പ്രദർശിപ്പിച്ചിരുന്നു എന്നതിനേക്കാളും, ഞങ്ങളെ യഥാർഥത്തിൽ ബന്ധിപ്പിച്ചത് കലയോടുള്ള പൊതുവായ ഇഷ്‌ടമായിരുന്നു. അദ്ദേഹം ചിത്രകലയുടെ കടുത്ത ആരാധകനായിരുന്നു. ഫൊട്ടോഗ്രാഫിയിൽ പ്രത്യേക താൽപ്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ചന്ദ്രൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അഗാധമായ അനുശോചനം.”-കമൽഹാസൻ കുറിച്ചു.
സിറ്റി തിയറ്റഴ്‌സിൻ്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്ററുമായിരുന്നു ചന്ദ്രൻ. മെറി ലാൻഡ് സുബ്രമണ്യത്തിന് ശേഷം എസ്.ചന്ദ്രൻ്റെ കാര്യനിർവഹണ ഫലമായാണ് ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ തിയറ്റർ, ശ്രീ പദ്മനാഭഉൾപ്പെടുന്ന തിയറ്ററുകൾ തലസ്‌ഥാന നഗരിയിലെ സിനിമാ പാരമ്പര്യത്തിൻ്റെ ഭാഗമായി മാറിയത്. ഭാര്യ: എസ്.ശാന്ത. മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്‌മണ്യം, ഗിരീഷ് ചന്ദ്രൻ. മരുമക്കൾ: സഞ്ജീവ് സുനു, പി.പഴനി, ബേബി റാണി, രേണു ഗിരീഷ്. സംസ്കാരം ഇന്ന് (7/01/2026) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ