“കരിക്കാമുറി ഷണ്മുഖൻ വീണ്ടും”; ചർച്ചയായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

','

' ); } ?>

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളിൽ ഒന്നായ ‘ബ്ലാക്കിലെ’ കരിക്കാമുറി ഷണ്മുഖൻ വീണ്ടും മടങ്ങിയെത്തുന്നു. രഞ്ജിത്തിന്റെ തന്നെ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ മമ്മൂട്ടി ഈ കഥാപാത്രമായെത്തുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കടുക്കനിട്ട്, കറുത്ത ഷർട്ട് ധരിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. പിന്നിലായ് രഞ്ജിത്തിനേയും കാണാം. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് അറിയുന്നത്.

തുടരും എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നീണ്ട എട്ട് വര്‍ഷങള്‍ക്കിപ്പുറം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിനെ നായകനാക്കി 2018 ല്‍ സംവിധാനം ചെയ്ത ഡ്രാമ ആണ് അവസാനമായി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമ. കഴിഞ്ഞ വര്‍ഷം ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍ എന്നിവരെ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രം പുറത്തുവന്നിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആയിരുന്നു ഈ ഷോർട്ട് ഫിലിം നിർമിച്ചത്.

രഞ്ജിത് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക്. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്. അതേ സമയം ഈ വര്‍ഷം മമ്മൂട്ടി അതിഥിവേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചത്താ പച്ചയിലാണ് ആദ്യ അതിഥി വേഷം. ഇന്ത്യയില്‍ ആദ്യമായി WWE ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചത്താ പച്ച. ഇതുവരെ കാണാത്ത ഗംഭീര ഗെറ്റപ്പിലാകും മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ജനുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും.