
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസ്സായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. വീണ് പരുക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിൽ വീട്ടിലായിരുന്നു് താമസം. ഭാര്യ മേരിക്കുട്ടി. മക്കൾ ആൻ്റണി ജെറോം, ആലീസ് അൽഫോൻസ്.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സത്യൻ നായകനായ ഒതേനൻ്റെ മകൻ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ള നടൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. അടൂര്‍ ഗോപാലകൃഷ്‍ണന്റെ അനന്തരം എന്ന സിനിമയില്‍ വേഷമിട്ട പുന്നപ്ര അപ്പച്ചൻ അടൂരിന്റെ തുടര്‍ന്നുള്ള സിനിമകളിലും അഭിനയിച്ചു.
വില്ലൻ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്‍ത്രം, പാവം ക്രൂരൻ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
ദുനിയ എന്ന ഹിന്ദി ചിത്രത്തിൽ ദിലീപ് കുമാറിനെ അറസ്റ്റുചെയ്യുന്ന പോലീസ് ഓഫീസറായും വേഷമിട്ടു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവിലത്തെസിനിമ. തമിഴിൽ വിജയുടെ സുറ എന്ന സിനിമയിലും അഭിനയിച്ചു. വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അടൂർ ഗോപാലകൃഷ്‌ണന്റെ അഞ്ചുചിത്രങ്ങളിൽ അഭിനയിച്ചു. എൽഐസി ഏജൻ്റായിരുന്ന അപ്പച്ചൻ ആറുതവണ കോടിപതിയായിട്ടുണ്ട്.