“മലയാളത്തിന്റെ മണിമുഴക്കം”;ചാലക്കുടിക്കാരൻ ചങ്ങാതിക്ക് 55 ആം പിറന്നാൾ

','

' ); } ?>

“ചാലക്കുടിപ്പുഴയുടെ തീരത്തുനിന്ന് ചിരിയുടെയും പാട്ടിന്റെയും മാലപ്പടക്കത്തിന് തിരികൊളുത്തി കടന്നുവന്ന താരജാഡയില്ലാത്ത ഒരു പച്ച മനുഷ്യൻ. മൺമറഞ്ഞു പോയിട്ടും മലയാളിയുടെ ഹൃദയത്തിലിന്നും ഏറ്റവും മനോഹരമായി അയാൾ ജീവിക്കുന്നു. സിനിമയ്ക്കപ്പുറം മലയാളികൾ നെഞ്ചോട് ചേർത്തു വെച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കലാഭവൻ മണി. ഇല്ലായ്മയിലും കലയെ നെഞ്ചോട് ചേർത്തു പിടിച്ച്, ഒടുവിൽ അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയ ആ ചാലക്കുടിക്കാരന്റെ ജീവിതം ഏതൊരു സിനിമാക്കഥയേക്കാളും ആവേശകരമാണ്. മിമിക്രി വേദിയിലെ ചിരികളിൽ നിന്ന് മലയാള സിനിമയുടെ കരുത്തുറ്റ വില്ലനായും, നായകനായും, ദേശീയ പുരസ്കാരത്തിന്റെ നെറുകയിൽ എത്തിയ മനോഹരമായ കഥ. ഇന്ന് മണിക്ക് 55-ാം പിറന്നാളാണ്. മണിയില്ലാത്ത ഭൂമിയിലാണ് മലയാളികൾ മറ്റൊരു പുതുവത്സരത്തിൽ മണിയുടെ പിറന്നാൾ ആഘോഷിക്കുന്നത്. നാടൻ പാട്ടിന്റെ രാജാവിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1971 ജനുവരി ഒന്നിന്, പുതുവത്സര ദിനത്തിൽ ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ രാമന്റെയും അമ്മിണിയുടെയും മകനായാണ് മണിയുടെ ജനനം. കടുത്ത ദാരിദ്ര്യത്തിന്റെ ചൂടിൽ വെന്ത ബാല്യമായിരുന്നു മണിയുടേത്. പത്തുമക്കളുള്ള കുടുംബത്തിൽ ഏഴാമനായി ജനിച്ച മണിക്ക് ബാല്യകാലം മുതൽ തന്നെ ജീവിതം ഒരു കഠിന പാഠശാലയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് ലഭിച്ചിരുന്ന നിസ്സാര വരുമാനം കുടുംബത്തിന്റെ വിശപ്പടക്കാൻ പോലും പോരായിരുന്ന കാലം. പഠനത്തിൽ പിന്നിലായ മണി പത്താം ക്ലാസിൽ പഠനം നിർത്തി. പക്ഷേ പഠനവൈകല്യം മണിയുടെ ബുദ്ധിവൈഭവത്തെ തടഞ്ഞില്ല മറിച്ച്, ജീവിതത്തിന്റെ ക്ലാസ്സുകളിൽ മണി മിടുക്കനായി.

തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമെല്ലാം ഉപജീവനം തേടിയ ദിവസങ്ങളാണ് മണിയുടെ യഥാർത്ഥ പരിശീലനകാലം. ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ മോണോ ആക്ട് വേദിയാണ് മണിയുടെ ജീവിതത്തിന്റെ താളം മാറ്റിയത്. 1987-ലെ കൊല്ലം സ്കൂൾ കലോത്സവത്തിൽ ദാരിദ്ര്യത്തിന്റെ നിഴലുമായി എത്തിയ മണി ഒന്നാം സ്ഥാനം നേടി കയറുമ്പോൾ, അത് ഒരു മത്സര വിജയം മാത്രമല്ലായിരുന്നു , ജീവിതത്തിലേക്കുള്ള ആദ്യ വലിയ പടവ് കൂടിയായിരുന്നു. അന്ന് തൊട്ട് അനുകരണ കലയെ ആയുധമാക്കി കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ മണി തീരുമാനിച്ചു.

പകൽ ഓട്ടോറിക്ഷ ഡ്രൈവറും രാത്രി മിമിക്രി കലാകാരനുമായി ചാലക്കുടിയുടെ മണ്ണിൽ വളർന്ന മണിയെ കലാഭവനിലേക്ക് എത്തിച്ചത് സുഹൃത്ത് പീറ്ററുമായുള്ള ബന്ധമാണ്. അങ്ങനെ ചാലക്കുടിക്കാരൻ മണി ‘കലാഭവൻ മണി’യായി മാറി. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കേരളമൊട്ടാകെ മണിയുടെ ശബ്ദവും മുഖഭാവങ്ങളും നിറഞ്ഞു. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയവരോടൊപ്പം വേദികളിൽ നിറഞ്ഞാടിയ മണി, അനുകരണ കലയിൽ സ്വന്തമായൊരു ഭാഷ തന്നെ കണ്ടെത്തി.

സ്വന്തം ജീവിതത്തിലെ വിശപ്പും വേദനയും ചിരിയിലൂടെയും നാടൻ പാട്ടുകളിലൂടെയും സാധാരണക്കാരന്റെ നാവിന്റെ തുമ്പിലേക്ക് എത്തിക്കുകയായിരുന്നു മണി. മലയാളി മറന്നുപോയ നാടൻ പാട്ടുകളെ മണി വീണ്ടും ജനഹൃദയങ്ങളിലേക്ക് കൊണ്ടുവന്നു. കാസറ്റ് പ്ലേയറുകൾ മലയാളി വീടുകളിൽ സ്ഥിരം സാന്നിധ്യമായ കാലത്ത്, മണിയുടെ ശബ്ദം നാട്ടിടവഴികളിൽ മുഴങ്ങി. ‘കണ്ണിമാങ്ങ പ്രായം’, ‘ചാലക്കുടി ചന്ത’, ‘ഓടപ്പഴം’ തുടങ്ങിയ പാട്ടുകൾ അടിസ്ഥാന വർഗത്തിന്റെ ജീവിതാനുഭവങ്ങളിൽ നിന്നു പിറന്ന സത്യസന്ധമായ കലാരൂപങ്ങളായിരുന്നു.

ചലച്ചിത്രലോകത്തേക്ക് മണി എത്തുന്നത് 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലൂടെയാണ്. ഒരു ഓട്ടോ ഡ്രൈവറുടെ വേഷം, സ്വന്തം ജീവിതത്തിൽ നിന്നു പിഴുതെടുത്തതുപോലുള്ള കഥാപാത്രം. എന്നാൽ സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിയെ മലയാള സിനിമയിൽ ഉറപ്പിച്ചത്. സുന്ദർദാസ്–ലോഹിതദാസ് കൂട്ടുകെട്ട് മണിയിലെ നടനെ കണ്ടെത്തിയപ്പോൾ, മലയാളിക്ക് ലഭിച്ചത് അപൂർവമായൊരു അഭിനയസത്യമാണ്.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന വിനയൻ ചിത്രത്തിലൂടെ മണി നായകനായി. അന്തഗായകനായ രാമുവിന്റെ വേഷം മണിക്ക് ദേശീയ–സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം നേടിക്കൊടുത്തു. ‘കരുമാടിക്കുട്ടൻ’ മലയാളിയെ കണ്ണീർ അണിയിച്ചപ്പോൾ, ദില്ലിവാല രാജകുമാരൻ, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങൾ ചിരിയുടെ പെരുമഴ പെയ്തു. നായകനായും സഹനടനായും വില്ലനായും ഹാസ്യനടനായും ഗായകനായും മണി മലയാള സിനിമയിലെ എല്ലാ ചട്ടക്കൂടുകളും തകർത്തു. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം ഉറപ്പിച്ച മണി 250-ലധികം സിനിമകളിൽ വേഷപകർച്ച നടത്തി. ബെഞ്ചോൺസണിലെയും, രാവണനിലെയും പോലീസ് വേഷങ്ങളും അഭിനയത്തിന്റെ അതിർ വരമ്പുകൾക്കപ്പുറത്തേക്ക് മണിയുടെ കലാകാരനെ കൂട്ടികൊണ്ട് പോയി.

താരജാഡയില്ലാത്ത മനുഷ്യനായിരുന്നു മണി. ഏതു അഭിമുഖത്തിലും തന്റെ പൂർവകാല കഷ്ടതകൾ മറയില്ലാതെ തുറന്നു പറഞ്ഞ കലാകാരൻ. മറ്റ് പലരും വാക്കുകൾ ചുരുക്കുമ്പോൾ, മണി ഉച്ചത്തിൽ സംസാരിച്ചു. അത് ജീവിതത്തിന്റെ ഭാഷയായിരുന്നു. എത്ര വലിയ താരമായാലും ചാലക്കുടിയിലേക്കു ഓടിയെത്തി പഴയ സൗഹൃദങ്ങൾ പുതുക്കാനും സാധാരണക്കാരോടൊപ്പം ഉണ്ണാനും ഉറങ്ങാനും മണി തയ്യാറായി. തന്റെ സമ്പാദ്യത്തിൽ നിന്നൊരു വിഹിതം നിർധനർക്കായി മാറ്റിവയ്ക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

1999-ൽ നിമ്മിയുമായി വിവാഹിതനായ മണിക്ക് ശ്രീലക്ഷ്മി എന്ന മകളുണ്ട്. കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴും കലാജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മണി മണ്ണിൽ ചവിട്ടി നിന്നു. പക്ഷേ 2016 മാർച്ച് ആറിന്, 45-ാം വയസ്സിൽ, മലയാളിയെ തനിച്ചാക്കി മണി യാത്രയായി. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരണത്തെ ചുറ്റിപ്പറ്റിയ ദുരൂഹതകളും അന്വേഷണങ്ങളും ഇന്നും പൂർണമായ ഉത്തരമില്ലാതെ നിൽക്കുന്നു. മണി മരിച്ച ദിവസം മലയാളി ഒരുപാട് കരഞ്ഞു. വിശപ്പിന്റെ കാഠിന്യം അറിയുന്ന, ചിരിയിലൂടെ ജീവിച്ച ഒരു മനുഷ്യൻ ഇത്ര പെട്ടെന്ന് മൗനമായതിന്റെ ഞെട്ടൽ. പക്ഷേ വർഷങ്ങൾക്കിപ്പുറവും ആ മണിമുഴക്കം നിലച്ച് പോയെന്ന് ചാലക്കുടി പുഴ പോലും വിശ്വസിച്ചിട്ടില്ല. നാടൻ പാട്ടുകളിലും സിനിമാ ദൃശ്യങ്ങളിലും ഓർമ്മകളിലും മണി ഇന്നും ജീവിക്കുന്നു.

ഇന്ന്, കലാഭവൻ മണിയുടെ ജന്മദിനത്തിൽ, നമ്മൾ ആഘോഷിക്കുന്നത് ഒരു കലാകാരനെ മാത്രമല്ല ജീവിതത്തോട് പൊരുതിയ ഒരു മനുഷ്യനെ, സാധാരണക്കാരന്റെ വേദനയും സന്തോഷവും ഒരുപോലെ നെഞ്ചിലേറ്റിയ ഒരു കലാസ്വരത്തെ. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.