
വിജയ് ചിത്രം “ജനനായകനും”, ശിവകാർത്തികേയൻ ചിത്രം “പരാശകതിയും” ക്ലാഷ് റിലീസിനൊരുങ്ങുന്നത് രാഷ്ട്രീയമായ നീക്കമാണെന്ന പരാമർശങ്ങളിൽ പ്രതികരിച്ച് പരാശക്തിയുടെ നിർമാതാവ് ആകാശ് ഭാസ്കരൻ. ‘ആളുകള്‍ അനാവിശ്യമായ വിവാദമാണ് സൃഷ്ടിക്കുന്നതെന്നും, ഇതൊരു മത്സരമായി കാണേണ്ടതില്ലെന്നും ആകാശ് പറഞ്ഞു. കൂടാതെ പൊങ്കലിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി വെറുതെ കളയേണ്ടെന്ന് തിയേറ്റര്‍ ഉടമകളും, ഡിസ്ട്രിബ്യൂട്ടേഴ്സും പറഞ്ഞത് കൊണ്ടാണ് പരാശക്തിയുടെ റിലീസ് ഡേറ്റ് ജനുവരി 10 ആയി തീരുമാനിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു. സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പരാശക്തിയുടെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യ ദിവസം തന്നെ പൊങ്കല്‍ റിലീസ് ഞങ്ങള്‍ ലോക്ക് ചെയ്തതാണ്. ചിത്രത്തിന്റെ ടീസറുകളിലും ബന്ധപ്പെട്ട ഇന്റര്‍വ്യൂകളിലും ഞാന്‍ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ചില ആളുകള്‍ അനാവിശ്യമായ വിവാദമാണ് സൃഷ്ടിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊങ്കലിന് പത്തോളം ചിത്രങ്ങളാണ് ക്ലാഷ് റിലീസായി തിയേറ്ററില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു മത്സരമായി കാണേണ്ടതില്ല.” ആകാശ് പറഞ്ഞു.
“ഇരു ചിത്രങ്ങള്‍ക്കും ഗുണം മാത്രമേ ഒരുമിച്ച് റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുകയുള്ളൂ. പൊങ്കലിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി വെറുതെ കളയേണ്ടതില്ലെന്നാണ് തിയേറ്റര്‍ ഉടമകളും, ഡിസ്ട്രിബ്യൂട്ടേഴ്സും പറയുന്നത്. അതുകൊണ്ടാണ് പരാശക്തിയുടെ റിലീസ് ഡേറ്റ് ജനുവരി 10 ആയി തീരുമാനിച്ചത്.” ആകാശ് കൂട്ടിച്ചേർത്തു.
കരുണാനിധി കുടുംബമാണ് ആകാശ് ഭാസ്കരൻ. ഇവരുടെ പ്രൊഡക്ഷൻ കമ്പനിയായ ഡോൺ പിച്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ഈ ചിത്രം വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ്. വിജയ് സിനിമയുടെ തൊട്ടടുത്ത ദിവസം പരാശക്തി റിലീസ് വെച്ചത് തിയറ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആണെന്ന് ആക്ഷേപമാണ് ഉയർന്നിരുന്നത്. ഇതിനെതിരെ വിജയ് ആരാധകരും ടി വി കെ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
അതേ സമയം റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.