“എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട”; ശ്രീനിവാസന് ആദരാഞ്ജലിയർപ്പിച്ച്‌ പൃഥ്വിരാജും ഇന്ദ്രജിത്തും

','

' ); } ?>

നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് യുവ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.’തന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്ന നിങ്ങളെ ശരിക്കും മിസ് ചെയ്യുമെന്നാണ്’ ഇന്ദ്രജിത്ത് പങ്കുവെച്ചത്. ‘എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട’ എന്നാണ് പൃഥ്വിരാജ് പങ്കുവെച്ചത്. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഇരുവരുടെയും അനുശോചനം.

“എന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്നു. നിങ്ങൾക്കൊപ്പം സിനിമയിൽ അഭിനയിക്കാനും നിങ്ങൾ ഏഴുതിയ വാക്കുകൾ പറയാനും സാധിച്ചത് നിറഞ്ഞ സന്തോഷത്തോടെ ഓർക്കുന്നു. എല്ലാ ചിരികൾക്കും ആനന്ദത്തിനും നന്ദി ശ്രീനിയേട്ടാ, നിങ്ങളെ ശരിക്കും മിസ് ചെയ്യും.” ഇന്ദ്രജിത്ത് കുറിച്ചു.

“എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു.” പൃഥ്വിരാജ് കുറിച്ചു.

നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, കമൽ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദ‌ം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.