പുതിയ സിനിമയുടെ പ്രമോഷന് വിദേശത്ത് പോകണം: ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകാൻ കോടതി തീരുമാനം

','

' ); } ?>

നടൻ ദിലീപിന് പാസ്പോർട്ട് തിരിച്ചു നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ തീരുമാനം. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്പോർട്ട് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിവെച്ചതെയിരുന്നു. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിൻ്റെ പ്രൊമോഷനുവേണ്ടി വിദേശത്തേക്കുപോകേണ്ടിവരുമെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടതോടെ ദിലീപിൻ്റെ പാസ്പോർട്ട് പിടിച്ചുവെക്കുകയായിരുന്നു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകൾ അവസാനിച്ചുവെന്ന് ദിലീപിൻ്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കേസിൽ അപ്പീൽ പോകുന്നുണ്ടെന്നും അതിനാൽ പാസ്പോർട്ട് വിട്ടുനൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകൾ നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് പാസ്പോർട്ട് വിട്ടുനൽകിയത്. നേരത്തെ, പാസ്പോർട്ട് കോടതിയുടെ കസ്റ്റഡിയിലായിരുന്നതിൽ ഹൈക്കോടതിയിൽ പ്രത്യേകം ഹർജി നൽകിയായിരുന്നു വിദേശയാത്ര നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്‌മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.

കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.