യഥാർത്ഥത്തിൽ ഗൂഢാലോചന എനിക്കെതിരെ, മഞ്ജു പറഞ്ഞിടത്താണ് ഞാൻ പ്രതിയായത്; ആദ്യ പ്രതികരണമറിയിച്ച് ദിലീപ്

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ ആദ്യ പ്രതികരണമറിയിച്ച് നടൻ ദിലീപ്. സത്യം ജയിച്ചുവെന്നും, കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് തന്നെ പ്രതിയാക്കുക എന്നായിരുന്നെന്നും ദിലീപ് പറഞ്ഞു. കൂടാതെ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ ക്രിമിനൽ പോലീസുകാർ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്നും, ആ കള്ളക്കഥയാണ് ഇന്ന് കോടതിയിൽ പൊളിഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർത്തു. വിധി കേട്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

“സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തു വെച്ചാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്.ആ പ്രസ്താവനയ്ക്ക് പിന്നാലെ അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥയും, ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഇങ്ങനെയൊരു നടപടി ഉണ്ടാക്കിയത്. അതിനു വേണ്ടി ഈ കേസിലെ മുഖ്യ പ്രതിയെയും, കൂട്ട് പ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനെഞ്ഞെടുക്കുകയാണ് ഉണ്ടായത്.” ദിലീപ് പറഞ്ഞു.

“ഈ പോലീസ്കാർ അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ആ കള്ളക്കഥ ഇന്ന് കോടതിയിൽ തകരുകയാണ് ചെയ്തത്. ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്ന് പറയുന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയർ, പ്രതിച്ഛായ, എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. അതുകൊണ്ട് തന്നെ ഈ നിമിഷം ഞാൻ കാണാത്ത എനിക്ക് വേണ്ടി പ്രാർത്ഥിച്ച കോടി കണക്കിന് ആളുകളോട് ഞാൻ നന്ദി പറയുകയാണ്.” ദിലീപ് കൂട്ടിച്ചേർത്തു.

തനിക്കെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് വ്യക്തമാക്കിയെങ്കിലും ആരാണ് ഗൂഢാലോചന ചെയ്തതെന്ന ചോദ്യങ്ങളിൽ ദിലീപ് പ്രതികരിച്ചില്ല. എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കൂട്ടബലാത്സം​ഗം തെളിഞ്ഞതായി രേഖപ്പെടുത്തിയ കോടതി ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ചൂണ്ടി കാണിച്ചു. പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഏഴാം പ്രതിയെയും വെറുതെ വിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.