“നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്”; അതിജീവിതയുടെ പോരാട്ടയാത്രയെ ഓർത്തെടുത്ത് ഡബ്ല്യുസിസി

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി വരാനിരിക്കെ അതിജീവിതയുടെ പോരാട്ടയാത്രയെ ഓർത്തെടുത്ത് ഡബ്ല്യുസിസി. അതിജീവിതയുടെ പ്രതിരോധം സാമൂഹിക മനസാക്ഷിയിൽ പൊളിച്ചെഴുത്ത് നടത്തിയെന്നും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്തുവെന്ന് ഡബ്ല്യുസിസി കുറിച്ചു. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് ഡബ്ല്യുസിസി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽനിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്. അവൾ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനസാക്ഷിയിൽ പൊളിച്ചെഴുത്തു നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്തു. ഈ കാലയളവിൽ ഉടനീളം നിയമസംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും ഇത് നോക്കിക്കാണുന്ന മറ്റെല്ലാ അതിജീവിതകൾക്കും ഒപ്പവും നിൽക്കുന്നു,’’ ഡബ്ല്യുസിസി കുറിച്ചു.

എല്ലാ പ്രതികൾക്കും ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കേണ്ട തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ജഡ്ജി ഹണി എം.വർഗീസ് കുറച്ചു മുന്നേ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 8 ആം പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിനെതിരെയും ധാരാളം തെളിവുകളുണ്ടെന്ന് ഹണി എം.വർഗീസ് പറഞ്ഞിരുന്നു. വിധി കേൾക്കാൻ അതി ജീവിത കോടതിയിലെത്തില്ല. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും. സ്ത്രീ സുരക്ഷാ കാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്.

എട്ടു വർഷങ്ങൾ നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനിയുൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയുംചെയ്തെന്നാണ് കേസ്. പ്രധാനപ്രതി ഉൾപ്പെടെയുള്ളവർ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവർഷം ജൂലായിൽ നടൻ ദിലീപിനെയും അറസ്റ്റുചെയ്തു.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരാണ് മുഖ്യ പ്രതികൾ. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിൻ്റെ കെട്ടുകഥയെന്നാണ് ദിലീപിന്റെ നിലപാട്.

നടി ആക്രമിക്കപ്പെട്ടതിൻ്റെ അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് സന്ദേശം അയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷൻ വാദം.