
ചന്ദ്രനിൽ പോയിട്ട് തിരിച്ചുവന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതെ മാനസികാവസ്ഥയാണ് മമ്മൂട്ടി തന്നെ ചേർത്തു നിർത്തിയപ്പോൾ അനുഭവിച്ചതെന്ന് കുറിപ്പ് പങ്കുവെച്ച് പോസ്റ്റർ ഡിസൈനർ ആന്റണി സ്റ്റീഫൻസ് ക്രോം. കഴിഞ്ഞ ദിവസം കളങ്കാവൽ പ്രീ റിലീസ് ടീസർ ലോഞ്ചിൽ അണിയറ പ്രവർത്തകരെ എല്ലാവരെയും സ്റ്റേജിലേക്ക് ക്ഷണിച്ച് മമ്മൂട്ടി പരിചയപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആന്റണിയുടെ വാക്കുകൾ. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു ആന്റണിയുടെ പ്രതികരണം.
“റോഷാക്കിന്റെ പോസ്റ്ററുകൾ ചെയ്തു അയച്ചു കൊടുത്ത് അതിന്റെ റിസൾട്ട് എന്താണെന്നു അറിയാതെ ഫുൾ ടെൻഷനിൽ ഇരിക്കുമ്പോൾ ജേർജേട്ടൻ വിളിച്ചു, മമ്മൂക്ക എന്നെ കാണണം എന്ന് പറഞ്ഞിരിക്കുന്നു. സ്ക്രീനിൽ മാത്രം കണ്ടിരുന്ന മമ്മൂക്കയെ നേരിൽ കാണുന്നതിൽ അതിയായ സന്തോഷവും, പോസ്റ്ററുകൾ കണ്ടിട്ട് എന്താവും അദ്ദേഹം പറയാൻ പോകുന്നത് എന്നാലോചിച്ചു പരിഭ്രമവും തോന്നി. എന്തായാലും മമ്മൂക്കയെ കാണാം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാം എന്ന ചിന്തയിൽ ഞാൻ ഇറങ്ങി. കണ്ട ഉടനെ “ഡിസൈനർ” അല്ലേ ? എപ്പോഴുമുള്ള ആ ഗൗരവ ഭാവം വിടാതെ തന്നെ ചോദിച്ചു. ചെറുതായി ചിരിച്ചു കൊണ്ട് മമ്മൂക്ക അദ്ദേഹത്തിന്റെ ഫോൺ തുറന്ന് ഞാൻ അയച്ചു കൊടുത്ത പോസ്റ്റർ ഓരോന്നായി എടുത്ത് അഭിപ്രായം പറയാൻ തുടങ്ങി.” ആന്റണി കുറിച്ചു.
“എല്ലാം മമ്മുക്കക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു. ഫോണ്ട് സൈസ് വലുതാക്കൽ പോലുള്ള ചെറിയ തിരുത്തലുകൾ മാത്രം കുറച്ചു നേരം സംസാരിച്ചു. ഈ രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞു മമ്മൂക്ക എന്നെ യാത്രയാക്കി. ആ പരിഭ്രമത്തിനിടയിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ തോന്നിയില്ല. ശേഷം മമ്മൂക്കയോടൊപ്പം 5 സിനിമയിൽ വർക്ക് ചെയ്തു. പല തവണ കണ്ടു , പക്ഷേ അപ്പോളൊക്കെയും ഒപ്പം നിന്ന് ഒരു പടം എടുക്കണം എന്ന ആഗ്രഹം സാധിച്ചില്ല. ഇന്നലെ കളങ്കാവലിന്റെ ലോഞ്ച് ഫങ്ക്ഷനിൽ പോകുമ്പോൾ ഇന്നെന്തായാലും എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഇങ്ങനെ സ്റ്റേജിലേക്ക് വിളിച്ചു ചേർത്ത് നിർത്തി കൊണ്ടാവുമെന്നു വിചാരിച്ചില്ല താങ്ക് യു മമ്മൂക്ക. ചന്ദ്രനിൽ പോയിട്ട് തിരിച്ചു വന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതെ മാനസികാവസ്ഥയാണ് ഇതെഴുതുമ്പോഴും എന്റെയുള്ളിൽ.” ആന്റണി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.