
അഭിപ്രായങ്ങൾ തുറന്നു പറയാത്തത് പറയുന്ന ആളിന്റെ പേരു നോക്കി മതവും നിലപാടും തീരുമാനിച്ച് വിവാദമുണ്ടാക്കുന്നതു കൊണ്ടാണെന്ന് വ്യക്തമാക്കി നടൻ റഹ്മാൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ അതിനു പിന്നാലെ കമൻ്റ് ഇടുന്നവർ തമ്മിൽ വഴക്കാവുമെന്നും, താൻ കാരണം ആരും വഴക്കിടേണ്ട എന്നു കരുതിയാണ് പലപ്പോഴും നിശബ്ദനാകുന്നതെന്നും റഹ്മാൻ പറഞ്ഞു. കൂടാതെ തന്റെ ഉള്ളിലെ നടനെ പുറത്തുകൊണ്ടുവന്നത് പത്മരാജനും ഭരതനും അടക്കമുള്ള മികച്ച സംവിധായകരാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. മലയാള മനോരമയുടെ കലാ-സാഹിത്യ- സാംസ്‌കാരികോൽസവം ഹോർത്തൂസിൻ്റെ മുന്നാം ദിനം ‘റഹ്‌മാനിയ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പല കാര്യത്തിലും എനിക്ക് അഭിപ്രായങ്ങൾ പറയണമെന്നു തോന്നാറുണ്ട്. പക്ഷേ വേണ്ടെന്നു വയ്ക്കുന്നത് പറയുന്ന ആളിൻ്റെ പേരു നോക്കി മതവും നിലപാടും തീരുമാനിച്ച് വിവാദമുണ്ടാക്കുന്നതു കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ അതിനു പിന്നാലെ കമൻ്റ് ഇടുന്നവർ തമ്മിൽ വഴക്കാവും, ഞാൻ കാരണം ആരും വഴക്കിടേണ്ട എന്നു കരുതിയാണ് പലപ്പോഴും നിശബ്ദനാകുന്നത്.” റഹ്മാൻ പറഞ്ഞു.
“സിനിമയിൽ ചാൻസ് ചോദിക്കാൻ മടിയാണ്. അതു മുൻപും ഉണ്ടായിരുന്നു. ചാൻസ് ചോദിക്കുന്നത് പക്ഷേ തെറ്റാണെന്നു കരുതുന്നില്ല. മറ്റു ഭാഷകളിൽ സജീവമായതോടെയാണ് മലയാളത്തിൽ സിനിമകൾ ചെയ്യുന്നതു കുറഞ്ഞത്. അന്ന് കമ്യൂണിക്കേഷൻ സൗകര്യങ്ങൾ ഇത്രയും ഇല്ലായിരുന്നതും ഒരു കാരണമാണ്. എൻ്റെ ഉള്ളിൽ ഒരു നടനുണ്ട് എന്നറിയാമായിരുന്നു. അയാളെ പുറത്തുകൊണ്ടുവന്നത് പത്മരാജനും ഭരതനും അടക്കമുള്ള മികച്ച സംവിധായകരാണ്. ഇപ്പോഴും ദിവസവും സിനിമ കാണും. കൊറിയനും ഫ്രഞ്ചും അടക്കം എല്ലാ ഭാഷയിലെയും സിനിമകൾ കാണാറുണ്ട്. അത് അപ്ഡേറ്റായിരിക്കാൻ സഹായിക്കും. ആരോടും ആരാധന തോന്നിയിട്ടില്ല. മറ്റുള്ളവരെ നിരീക്ഷിച്ചു പഠിക്കുകയാണ് എന്റെ രീതി. ചെയ്യുന്ന ജോലിയോടു പാഷനുണ്ടെങ്കിൽ അതു മെച്ചപ്പെടുത്താനാവും. ആദ്യ കാലത്ത് മമ്മൂട്ടിക്കൊപ്പം സ്‌ഥിരം സഹോദരന്റെ വേഷമായിരുന്നു. അങ്ങനെ അദ്ദേഹത്തെ സഹോദരനായിത്തന്നെ കണ്ടു. മോഹൻലാൽ കഠിനാധ്വാനിയായ നടനാണ്. കാലിനു പരുക്കു പറ്റിയിട്ടും സാരമാക്കാതെ ഷൂട്ടിനു വന്ന മോഹൻലാലിനെ കണ്ടിട്ടുണ്ട്.” റഹ്മാൻ കൂട്ടിച്ചേർത്തു.