നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവിധി ഡിസംബർ 8 ന്; ദിലീപിൻ്റെ ഭാവി അടക്കമുള്ള കാര്യങ്ങളിൽ വിധി നിർണ്ണായകം

','

' ); } ?>

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവിധി ഈ വരുന്ന ഡിസംബർ എട്ടിന്. എട്ടര വർഷം നീണ്ട വിചാരണക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. വിചാരണ പൂർത്തിയാക്കിയ കോടതി, പ്രോസിക്യൂഷനോട് ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി ലഭിച്ച ശേഷമാണ് വിധി പറയുന്ന തീയതി പ്രഖ്യാപിച്ചത്.

ദിലീപ് ഉൾപ്പടെ എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണക്കോടതിയിൽ ഹാജരാകണം. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. നടൻ ദിലീപിൻ്റെ ഭാവി അടക്കമുള്ള കാര്യങ്ങളിൽ ഡിസംബർ എട്ടിലെ വിധി നിർണായകമാകും. വാദം ഉൾപ്പടെയുള്ള വിചാരണ നടപടികൾ കഴിഞ്ഞ ഏപ്രിൽ 11നാണ് പൂർത്തിയായത്. തുടർന്ന് കഴിഞ്ഞ 27 തവണയും വാദത്തിൽ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.
2017 ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു. ആദ്യം ഏഴു പ്രതികളുണ്ടായിരുന്ന കേസിൽ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി ഇക്കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

പ്രതികളിലൊരാൾ ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന പ്രോസിക്യൂഷൻ വാദവും മെമ്മറി കാർഡ് പരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ കേസിൽ ഉയർന്നുവന്ന പ്രധാന കാര്യങ്ങളാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേർത്തത്. 2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

ക്വട്ടേഷൻ നൽകിയതുപ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനി അടക്കം ഒൻപത് പ്രതികളാണ് വിചാരണ നേരിട്ടത്. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. 261 സാക്ഷികളെ വിസ്‌തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിൽ കടുത്ത അതൃപ്‌തി അറിയിച്ചാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.