
ധനുഷിന്റെ മാനേജര്‍ ശ്രേയസിനെതിരായ കാസ്റ്റിങ് കൗച്ച് ആരോപണത്തിൽ വ്യക്തതവരുത്തി നടി മന്യ ആനന്ദ്. ധനുഷിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നതിനെതിരായി സംസാരിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്നും, നിഗമനങ്ങളിലേക്കെത്തുന്നതിന് മുമ്പ് തന്റെ അഭിമുഖം മുഴുവനായി കേൾക്കണമെന്നും മന്യ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ധനുഷിനേയോ അദ്ദേഹത്തിന്റെ മാനേജരേയോ ലക്ഷ്യമിട്ടായിരുന്നില്ല എന്റെ വാക്കുകൾ. നിഗമനങ്ങളിലേക്കെത്തുന്നതിന് മുമ്പ് എന്റെ അഭിമുഖം മുഴുവനായി കേൾക്കണം. ധനുഷിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നതിനെതിരായി സംസാരിക്കാനാണ് ഞാൻ ശ്രമിച്ചത്. ശ്രേയസ് എന്ന പേരില്‍ തന്നെ സമീപിച്ച വ്യക്തിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അയാളുടെ യഥാര്‍ഥ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഞാൻ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ചതായി പ്രചരിക്കുന്ന വീഡിയോ, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ്.” മന്യ ആനന്ദ് പറഞ്ഞു.
ധനുഷിന്റെ നിർമാണക്കമ്പനിയായ വണ്ടർബാർ ഫിലിംസിന്റെ ചിത്രത്തിൽ അവസരത്തിനായി അഡ്ജസ്റ്റ്മെന്റ്റ് ചെയ്യണം എന്ന് ശ്രേയസ് എന്ന പേരിൽ സമീപിച്ചയാൾ തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ഒരു അഭിമുഖത്തിൽ മന്യ പറഞ്ഞത്. ധനുഷ് ആണെങ്കിൽ പോലും വഴങ്ങില്ലേയെന്ന് തന്നോട് അയാൾ ചോദിച്ചതായും മന്യ പറഞ്ഞിരുന്നു. ആരോപണം തള്ളി ശ്രേയസും രംഗത്തെത്തി. അത്തരം സംഭവങ്ങളിൽ തനിക്ക് ബന്ധമില്ല. വണ്ടർബാർ ഫിലിംസിൻ്റെ പേരിൽ പ്രചരിക്കുന്ന കാസ്റ്റിങ് കോളുകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ശ്രേയസ് പ്രസ്താവനയിൽ അറിയിച്ചു. തൻ്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ഫോൺ നമ്പറുകൾ തന്റേ്റേതല്ലെന്നും ശ്രേയസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയെന്നും ശ്രേയസ് അറിയിച്ചു.