ഉത്ര വധക്കേസ് ആസ്‍പദമാക്കി ഒരുങ്ങുന്ന ‘രാജകുമാരി’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

','

' ); } ?>

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ നടി മഞ്ജു വാര്യറാണ് പുറത്തിറക്കിയത്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ഉണ്ണിദാസ് കൂടത്തിലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അഷ്‌നാ റഷീദാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

വലിയ സ്വപ്നങ്ങളുമായി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്ന ജാനകി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ത്രില്ലർ മൂഡിലാണ് ചിത്രത്തിന്റെ അവതരണം. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്‌ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സിനിമയിൽ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ സാന്നിധ്യം ഏറെ പ്രാധാന്യമർഹിക്കുന്നു. 2020-ലാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഉത്രയെ ഭർത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് പോലീസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു. ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു മകൻ്റെ അമ്മ കൂടിയായിരുന്നു ഉത്ര. പ്രതി സൂരജ് ഇപ്പോൾ തടവുശിക്ഷ അനുഭവിക്കുകയാണ്.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണ് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ അഖിൽ ദാസ്, ഛായാഗ്രാഹകൻ ശ്രീരാഗ് മാങ്ങാട് എന്നിവർ.
ഗാനങ്ങൾ വിനായക് ശശികുമാർ. സംഗീതം – ഡെൻസൺ ഡൊമിനിക്. കലാസംവിധാനം – അനീസ് നാടോടി. മേക്കപ്പ് – റോണി വെള്ളത്തൂവൽ. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ഫിനാൻസ് കൺട്രോളർ -വിജയൻ ഉണ്ണി. പ്രൊഡക്ഷൻ എക്സ‌ിക്കുട്ടീവ് – പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂർ. പിആർഒ – വാഴൂർ ജോസ്. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.