
സിനിമയ്ക്കുളളിലും പുറത്തും പുരുഷതാരങ്ങളോട് ആളുകൾ കാണിക്കുന്ന ആദരവ് നടിമാർക്ക് ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് നടി മീന സാഗർ. കൂടാതെ ആരാധകർ ആഗ്രഹിക്കുന്ന സമീപനം കിട്ടിയില്ലെങ്കിൽ സെലിബ്രിറ്റികളെ അഹങ്കാരികളായാണ് ആളുകൾ കാണാറെന്നും, ചിലർക്കെങ്കിലും പ്രശസ്‌തരായ ആളുകളോട് അസൂയയുണ്ടാകുമെന്ന് കരുതുന്നുവെന്നും മീന കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“സിനിമയ്ക്കുളളിലും പുറത്തും പുരുഷതാരങ്ങളെ ആളുകൾ ആദരവോടെ കാണുന്നു. സ്ത്രീകളായ താരങ്ങൾക്ക് എന്തുകൊണ്ടോ ആ ബഹുമാനം ലഭിക്കുന്നില്ല. എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇപ്പോൾ കുറച്ചൊക്കെ മാറ്റം കാണുന്നുണ്ട്. പുർണ്ണമായും മാറിയെന്ന് പറയാനാവില്ല. മാറ്റങ്ങൾക്ക് കുറച്ചുകൂടെ വേഗത വേണമെന്ന് കരുതുന്നു. ഒരു സംവിധായകൻ ദേഷ്യം വന്നാൽ നായികയുടെ നേർക്ക് പൊട്ടിത്തെറിക്കും. നായകനോട് ആ ദേഷ്യം കാണിക്കാൻ കഴിയില്ല”. മീന പറഞ്ഞു
“സെലിബ്രറ്റികൾ ആണെങ്കിലും ഞങ്ങളും മനുഷ്യരാണ്. കോപം, സങ്കടം, അസ്വസ്‌ഥത എന്നിങ്ങനെ മനുഷ്യർക്കുളള എല്ലാ വികാരങ്ങളും ഞങ്ങൾക്കുമുണ്ട്. പല പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സന്ദർഭത്തിലാകും ഒരാൾ ഓടി വന്ന് അവർക്കൊപ്പം ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുന്നത്. അതിന് കഴിയാത്ത മാനസികാവസ്‌ഥയിലായിരിക്കും നമ്മൾ. അതൊന്നും ആരാധകർക്ക് അറിയേണ്ടതില്ല. അവർ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ പിന്നെ വിരോധമാകും അഹങ്കാരി എന്ന് ആക്ഷേപിക്കും. ഞാൻ കഴിയുന്നതും സഹകരിക്കുന്നു ഒരാളാണ്. ജാടയുളളവൾ എന്ന് കേൾപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. എന്നാലും ചില സന്ദർഭങ്ങളിൽ അതിന് കഴിഞ്ഞെന്ന് വരില്ല. സെലിബ്രറ്റികൾ എങ്ങനെ ജീവിക്കണമെന്ന് പോലും തീരുമാനിക്കുന്നത് മറ്റുളളവരാണ്. സോഷ്യൽ മീഡിയയിൽ വന്ന് ഒരു കാര്യവുമില്ലാതെ മോശം കമൻ്റിടുന്നത് കാണാം. എനിക്ക് തോന്നുന്നത് ചിലർക്കെങ്കിലും പ്രശസ്‌തരായ ആളുകളോട് അസൂയയുണ്ടാവാം.” മീന കൂട്ടിച്ചേർത്തു.
.ഭാഗ്യ നായികയെന്നാണ് മീനയെ വിശേഷിപ്പിക്കാറ്. മലയാളത്തിൽ അഭിനയിച്ച വർണ്ണപ്പകിട്ട്, ദൃശ്യം, ദൃശ്യം 2, മുന്തിരിവളളികൾ തളിർക്കുമ്പോൾ, നാട്ടുരാജാവ്, ഉദയനാണ് താരം, ബ്രോ ഡാഡി, കഥ പറയുമ്പോൾ, രാക്ഷസരാജാവ്.. എല്ലാം ഹിറ്റ്. തമിഴിൽ മുത്തുവും അവ്വ ഷൺമുഖിയും ഉൾപ്പെടെയുളള മെഗാഹിറ്റുകൾ. രാശിയുള്ള ഹീറോയിൻ എന്ന വിശേഷണം എക്കാലത്തും ലഭിച്ചിരുന്നു. പടത്തിൽ മീനയുണ്ടെങ്കിൽ മിനിമം ഗ്യാരണ്ടി. അവർക്കൊപ്പം അഭിനയിക്കാത്ത സൂപ്പർതാരങ്ങളില്ല. രജനി, കമൽ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം, ബാലകൃഷ്ണ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, ചിരഞ്ജീവി, നാഗാർജുന, അജിത്ത്, പ്രഭുദേവ എന്നിങ്ങനെ ഒരു കാലഘട്ടത്തിലെ മിക്ക നടന്മാർക്കും മീന നായികയായിട്ടുണ്ട്. ദൃശ്യം 3 യാണ് മീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.