“സുഖം പ്രാപിക്കുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾ തെറ്റായ വാർത്ത നൽകുന്നത് ശരിയല്ല”; ധർമേന്ദ്രയുടെ മരണ വാർത്തകളിൽ പ്രതികരിച്ച് ഭാര്യ ഹേമ മാലിനി

','

' ); } ?>

ബോളിവുഡ് നടൻ ധർമേന്ദ്ര മരണപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് ഭാര്യയും, മകളും. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മകൾ ഇഷയുടെ പ്രതികരണം. അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും, സുഖം പ്രാപിക്കുന്നുവെന്നുമാണ് ഇഷ പറഞ്ഞത്. കൂടാതെ ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾ തെറ്റായ വാർത്ത നൽകുന്നത് ശരിയല്ലെന്ന് നടി ഹേമ മാലിനിയും കുറിച്ചു.

“മാധ്യമങ്ങൾ അമിതവേഗത്തിലാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും തോന്നുന്നു. എന്റെ അച്ഛൻ സ്ഥിരതയുള്ളവനും സുഖം പ്രാപിക്കുന്നവനുമാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പപ്പയുടെ വേഗത്തിലുള്ള സുഖം പ്രാപിക്കാനുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി”, ഇഷ ഡിയോൾ കുറിച്ചു.

“സംഭവിക്കുന്നത് ക്ഷമിക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും അവരുടെ സ്വകാര്യതയുടെ ആവശ്യകതയ്ക്കും അർഹമായ ബഹുമാനം നൽകുക”, ഹേമ മാലിനി കുറിച്ചു.

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി, കുടുംബാംഗങ്ങളായ ഹേമ മാലിനി, ബോബി ഡിയോൾ, സണ്ണി ഡിയോൾ, തുടങ്ങിയവരും, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമാണ് ധർമേന്ദ്ര. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര, 1960-കളില്‍ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറി.