ഐ.ടി ജീവനക്കാരനെ മർദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈകോടതി

','

' ); } ?>

ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന നടി ലക്ഷ്മി ആർ. മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈകോടതി. നേരത്തെ ലക്ഷ്മിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചതിനെ തുടർനന്നായിരുന്നു ഇത്. കേസിലെ മൂന്നാം പ്രതിയായിരുന്നു ലക്ഷ്മി. ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹരജിക്കാരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

കൊച്ചി ബാനർജി റോഡിലെ ബാറിനുമുന്നിൽ ഐ.ടി ജീവനക്കാരനായ യുവാവുമായി തർക്കമുണ്ടാവുകയും ലക്ഷ്മ്‌മി മേനോൻ ഉൾപ്പെട്ട സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച് ആലുവയിൽ ഇറക്കിവിട്ടെന്നുമാണ് കേസ്. ഐ.ടി ജീവനക്കാരൻ്റെ കാർ നടി അടക്കമുള്ളവർ തടയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കേസിൽ, മൂന്ന് പേരെ നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ ഒരാൾ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് രണ്ടു പേർ.

പറവൂർ സ്വദേശിയായ ഐ.ടി ജീവനക്കാരനായ യുവാവ് ആഗസ്റ്റ് 24ന് രാത്രി പബ്ബിൽവെച്ച് നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ബാനർജി റോഡിലെ പബ്ബിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത് എന്നാണ് വിവരം. അതിനു ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐ.ടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.