
നടി ഗൗരി കിഷനെ വ്ലോഗർ ശരീര അധിക്ഷേപം നടത്തിയപ്പോൾ പ്രതികരിക്കാത്തതിൽ വിശദീകരണം നൽകി നടൻ ആദിത്യ മാധവൻ. “മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ലെന്ന് ആദിത്യ മാധവൻ പ്രതികരിച്ചു. ഗൗരിയെ പിന്തുണച്ച് കൊണ്ട് ഗായിക ചിന്മയി പങ്കുവെച്ച പോസ്റ്റിലാണ് ആദിത്യൻ പ്രതികരണം രേഖപ്പെടുത്തിയത്.
“മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ല. അരങ്ങേറ്റ ചിത്രം ആയതിനാൽ പകച്ചുപോയി. എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഉടൻ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നു.”ആദിത്യ മാധവൻ പറഞ്ഞു.
അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.