
എട്ടുമാസത്തിനുശേഷം കൊച്ചിയിൽ മടങ്ങിയെത്തി നടൻ മമ്മൂട്ടി. ചികിത്സാർഥം സിനിമയിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത ശേഷം സജീവമായ മമ്മൂട്ടി ഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ഹൈദരാബാദ് ലൊക്കേഷനിലാണ് ജോയിൻ ചെയ്തിരുന്നത്. പിന്നീട് ചിത്രത്തിന്റെ ലണ്ടനിലെ ഷെഡ്യൂളും പൂർത്തിയാക്കിയിട്ടാണ് ഇപ്പോൾ കൊച്ചിയിലെത്തിയിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ചെന്നൈയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ മടക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുക്കുന്നുണ്ട്.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരാണ് പാട്രിയറ്റിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നവംബർ 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.