
മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രം ‘തുടക്ക’ത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. മോഹൻലാൽ കുടുംബസമേതമെത്തിയ ചടങ്ങിൽ സുചിത്ര മോഹൻലാൽ സ്വിച്ച് ഓണ്‍ കർമ്മം നിർവഹിച്ചു. നടനും മകനുമായ പ്രണവ് മോഹൻലാൽ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. ചടങ്ങിലെ മോഹൻലാലിന്റെ വാക്കുകളും ശ്രദ്ധേയമായിരുന്നു. താനും ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ലെന്നും, കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു, പ്രേക്ഷകരാണ് തന്നെ നടനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
“‘‘എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്. ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.’ മോഹൻലാൽ പറഞ്ഞു
ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്. മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്മയക്ക് പരിശീലനമുള്ളത് കൊണ്ടാണ് ചിത്രത്തിലേക്ക് ജൂഡ് വിസമയയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. എഴുത്തിലും ചിത്രരചനയിലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള പുതിയ ‘തുടക്ക’ത്തിനായി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.