രജിനികാന്ത്-കമൽ ഹാസൻ ചിത്രത്തോട് കൂടി ‘തലൈവർ’ അഭിനയം നിർത്തുന്നു?; റിപ്പോർട്ട്

','

' ); } ?>

രജിനികാന്ത്-കമൽ ഹാസൻ കോമ്പോ വീണ്ടുമൊരുമിക്കുന്ന ചിത്രത്തോട് കൂടി രജനികാന്ത് അഭിനയം നിർത്തുകയാണെന്ന് റിപ്പോർട്ടുകൾ. ചിത്രം
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുമെന്നാണ് സൂചന. ആദ്യം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന പറഞ്ഞ ചിത്രം പിന്നീട് പ്രദീപ് രംഗനാഥൻ ചെയ്യുമെന്ന വാർത്തകൾ വന്നിരുന്നു. കമൽ ഹാസന്റെ ജന്മദിനമായ നവംബർ 7 ന് സിനിമയുടെ അപ്ഡേറ്റ് പുറത്തുവിടുമെന്നും വിവരം ഉണ്ട്.

നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. നെൽസൺ രജിനികാന്തിനോട് വൺ ലൈൻ പറഞ്ഞുവെന്നും കഥ രജിനികാന്തിന് ഇഷ്ടമായെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ജയിലർ 2വിന് ശേഷം നെൽസൺ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.

രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്തും ചിത്രത്തിനെ കുറിച്ച് ഉറപ്പ് നൽകിയിരുന്നു. ‘അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ ബാനറിൽ സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും’, സൗന്ദര്യ രജനികാന്ത് പറഞ്ഞു

“ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും”. എന്നായിരുന്നു വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് മുന്നേ കമൽഹാസൻ പറഞ്ഞിരുന്നത്. അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.