
തമിഴ് നടൻ ശിവകാർത്തികേയന്റെ അടുത്ത ചിത്രം ബോളിവുഡിലെ ഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പമെന്ന് റിപ്പോർട്ടുകൾ.
സഞ്ജയ് ലീല ബൻസാലിയുമായി നടൻ കൂടി കാഴ്ച നടത്തിയത്തിനു പിന്നാലെയാണ് റിപ്പോർട്ടുകൾ. സഞ്ജയ് ലീല ബൻസാലിയുടെ മുംബൈയിലെ ഓഫീസിൽ എത്തിയ ശിവകാർത്തികേയൻ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്നാൽ ഇത് സംബന്ധിച്ച് നടന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
സുധ കൊങ്കര ചിത്രമായ “പരാശക്തിയാണ്” ശിവകർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.
അതേസമയം, ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലവ് ആൻഡ് വാർ’. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘ഡോൺ’ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.