
കളരി അഭ്യസിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പിവി ശിവകുമാർ ഗുരുക്കൾ. സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് അടുത്തിടെ ഐശ്വര്യ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പിന്നാലെ വന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. എംവിജി സിവിഎൻ കളരിയിൽ പിവി ശിവകുമാർ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യ കളരി അഭ്യസിക്കുന്നത്. ശിവകുമാർ ഗുരുക്കൾ പങ്കുവച്ച ചിത്രത്തിൽ നടൻ അഭിമന്യു തിലകനെയും കാണാം.
അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ‘മായാനദി’യിൽ ടൊവിനോയുടെ നായികയായത് വഴിത്തിരിവായി. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ ഐശ്വര്യ ചെയ്തിട്ടുണ്ട്.
വിഷ്ണു വിശാൽ ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രമായ ‘ഗാട്ട കുസ്തി’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഐശ്വര്യയായിരുന്നു നായിക.