
സൂപ്പര്‍താരമെന്ന ജാഡയൊന്നുമില്ലാത്ത, വിനയമുള്ളയാളാണ് ‘ഹൃത്വിക് റോഷ’നെന്ന് അഭിപ്രായം പങ്കുവെച്ച് നടി ‘പാർവതി തിരുവോത്ത്’. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണെന്നും പാർവതി പറഞ്ഞു. കൂടാതെ മികച്ച വേഷങ്ങള്‍ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുകയാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്‌സാന്‍ റോഷനും ചെയ്യുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ കുടുംബവും വളരെ വിനയമുള്ളവരാണെന്നാണ് അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നിയത്. സൂപ്പര്‍താരങ്ങളാണെന്ന ഭാവമൊന്നും അവര്‍ക്കില്ല. അല്‍പ്പം സിനിമാറ്റിക് ആയി പറഞ്ഞാല്‍, മറ്റുള്ളവരില്‍ പ്രകാശം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ് അവര്‍. അത് മികച്ചൊരു കാര്യമാണ്. അവരുടെ തിരഞ്ഞെടുപ്പുകള്‍ മനോഹരമാണ്.’ -പാര്‍വതി തിരുവോത്ത് പറഞ്ഞു.
‘മികച്ച വേഷങ്ങള്‍ തേടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഹൃത്വിക് റോഷനും കസിനായ ഇഹ്‌സാന്‍ റോഷനും ചെയ്യുന്നത്. ഈ ദീപാവലിക്ക് വലിയ സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. എന്റെ ആഘോഷം ഈ ടീമിനൊപ്പമാണ്. സീരീസിന്റെ ഷൂട്ടിങ്ങിന് മുന്നോടിയായി ഞങ്ങള്‍ വായനയും ഫോട്ടോഷൂട്ടുകളുമെല്ലാമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.’ -പാര്‍വതി കൂട്ടിച്ചേർത്തു.
ഹൃത്വിക് റോഷൻ ആദ്യമായി നിർമിക്കുന്ന സീരീസ് ‘സ്‌റ്റോ’മിൽ പാർവതി പ്രധാനവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നുണ്ട്. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന ത്രില്ലർ സീരീസായ സ്റ്റോം ആമസോൺ പ്രൈം വീഡിയോയുമായി സഹകരിച്ചാണ് ഹൃത്വിക് നിർമിക്കുന്നത്. ലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടീമിനൊപ്പമുള്ള ഫോട്ടോകൾ ഹൃതിക്കും പാർവതിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.
ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിലാണ് സ്റ്റോം നിർമിക്കുന്നത്. ഒടിടിയിൽ നിർമാതാവെന്ന നിലയിലെ ആദ്യ നിർമാണ സംരംഭം കൂടിയാണ് സ്റ്റോം. അജിത്പാല്‍ സിംഗ് ആണ് സംവിധാനം. അജിത്പാൽ, ഫ്രാന്‍സ്വ ലുണേല്‍, സ്വാതി ദാസ് എന്നിവര്‍ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലെ ഏറ്റവും വലിയ സീരീസ് കൂടിയാകും ഇതെന്നാണ് പറയപ്പെടുന്നത്.
‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ഒട്ടനവധി സിനിമകളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് പാർവതി. പാർവതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം ഉള്ളൊഴുക്കാണ്. പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നാഷണൽ അവാർഡിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലിറങ്ങിയ കടക് സിങ് എന്ന ഹിന്ദി ചിത്രമായിരുന്നു പാർവതിയുടെ ആദ്യ ബോളിവുഡ് മൂവി. ഒരു ത്രില്ലെർ ചിത്രമായൊരുക്കിയ സിനിമയിൽ നഴ്‌സായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.