“കുഞ്ഞുങ്ങളോട് ലാലേട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, വിഡിയോ പകുതി വച്ച് കാണുന്നതിന്റെ കുഴമാണിത്”; വൈറലായി ദൃസാക്ഷിയുടെ കുറിപ്പ്

','

' ); } ?>

സംസ്ഥാന സർക്കാരിന്റെ ആദരവ് പരിപാടിയിൽ സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയെ മടക്കിയയച്ചതിൽ മോഹൻലാലിനെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംഭവത്തിന് ദൃക്‌സാക്ഷിയായ ആരാധകൻ. സംഭവത്തിൽ വിമർശിക്കാൻ മാത്രമൊന്നുമില്ല എന്നും, വിഡിയോ പകുതി വച്ച് കാണുന്നതിന്റെ കുഴപ്പമാണെന്നുമാണ് ആരാധകന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചർച്ചയായ വീഡിയോക്ക് താഴെയായിരുന്നു ആരാധകന്റെ കമന്റ്.

‘ഞാന്‍ അവിടെ വളണ്ടിയര്‍ ആയിട്ട് ഉണ്ടായിരുന്ന വ്യക്തിയാണ്. ഞങ്ങൾ ഈ സംഭവം കാണുന്നുണ്ടായിരുന്നു. ലാല്‍ സാര്‍ ആ കുട്ടിയ്ക്ക് കൈവീശി അഭിവാദ്യം ഒക്കെ ചെയ്തതാണ്. കുട്ടി കുറേ നേരമായി അതിലെ ഓടി കളിക്കുകയായിരുന്നു. തിരക്ക് ഏറി വന്നത് കൊണ്ട് പോയിരിക്കാന്‍ പറഞ്ഞതാണ്. വീട്ടുകാര്‍ ആരും കുട്ടിയെ നിയന്ത്രിക്കാനും വന്ന് കണ്ടില്ല. ഇതിനൊക്കെ ഇത്ര പ്രശ്‌നമാക്കാനുണ്ടോ? വിഡിയോ പകുതി വച്ച് കാണുന്നതിന്റെ കുഴപ്പമാണ്”, ആരാധകൻ കുറിച്ചു.

നിമിഷ നേരം കൊണ്ടാണ് കമന്റ് വൈറലായത്. പിന്നാലെ നിരവധിപേർ അദ്ദേഹത്തെ അനുകൂലിച്ചും രംഗത്തെത്തി. മോഹന്‍ലാല്‍ ഒരിക്കലുമൊരു കുട്ടിയോട് അങ്ങനെ ചെയ്യില്ല. ഇതെല്ലാം ഹേറ്റേഴ്‌സിന്റെ രോദനമാണെന്നും മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നു. ‘ഒരു നാണയത്തിന് രണ്ട് വശം ഉള്ള പോലെ തന്നെയാണ് നമുക്ക് ചുറ്റും നടക്കുന്ന ഏതൊരു കാര്യത്തിലും ഉള്ളത്. മോഹന്‍ലാല്‍ വിരോധികള്‍ അയാള്‍ എന്ത് ചെയ്യുന്നു, അയാളെ ജനങ്ങള്‍ക്ക് മുന്‍പില്‍ നാണം കെടുത്താന്‍ എന്ത് കിട്ടും എന്ന് നോക്കിയിരിക്കുകയാണ്. അവര്‍ക്ക് അതാണ് പണി, അവരുടെ കള്ള പ്രചാരണങ്ങളില്‍ നിങ്ങള്‍ വീഴരുത്. സത്യം മനസ്സിലാക്കി മാത്രം ഒരാളെ വിമര്‍ശിക്കുക’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ആദരിച്ചത്. തന്നെ താരമാക്കിയ ആരാധകര്‍ക്കായി പരിപാടിയില്‍ മോഹന്‍ലാല്‍ പാട്ടു പാടുകയും ചെയ്തു. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വന്നൊരു കുട്ടിയെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായ വിഡിയോ. നിരവധി പേരാണ് മോഹന്‍ലാലിനെ വിമര്‍ശിച്ചെത്തിയത്. മോഹന്‍ലാല്‍ ചെയ്തത് ശരിയായില്ല, ഒരു പണക്കാരന്‍ ആയിരുന്നുവെങ്കില്‍ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു, കുഞ്ഞുങ്ങളെ മനസിനെ ഒരിക്കലും വേദനിപ്പിക്കരുത്, അകത്തും പുറത്തുമെല്ലാം അഭിനയമാണ് എന്നൊക്കെയായിരുന്നു വിമര്‍ശനം.