മലയാളത്തിന്റെ ഹാസ്യ “മണവാളൻ”; സലീം കുമാറിന് ജന്മദിനാശംസകൾ

','

' ); } ?>

സിനിമ പ്രേമികൾക്കിടയിൽ ഹാസ്യത്തിനും ഹാസ്യ താരങ്ങൾക്കും എന്നും തനതായൊരിടം ഉണ്ട്. അത്തരത്തിൽ തന്റെ കഴിവ് കൊണ്ടും, നർമ്മ ബോധം കൊണ്ടും പ്രേക്ഷകർക്കിടയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത നടനാണ് സലീം കുമാർ. ഹാസ്യ വേഷങ്ങൾക്കപ്പുറത്ത് സ്വഭാവ വേഷങ്ങളിലും സലീം കുമാർ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമ ലോകത്തിനു അയാളുടെ നർമ്മ ബോധം സമ്മാനിച്ച സംഭാവനകൾക്ക് മൂല്യം കൂടുതലാണ്. നായകനും, പ്രതിനായകനും കളം നിറഞ്ഞു നിൽക്കുമ്പോഴും തന്റെ കഥാപാത്രത്തിന്റെ ആഴവും തന്റേതായ ശൈലിയും കൊണ്ട് ചിലപ്പോഴൊക്കെയും സിനിമയെ അയാളുടേതാക്കാറുണ്ട്. “പുലിവാൽ കല്യാണം, കല്യാണ രാമൻ, കിളിച്ചുണ്ടൻ മാമ്പഴം,ചതിക്കാത്ത ചന്തു” തുടങ്ങിയ ചിത്രങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. ഹാസ്യത്തിൽ നിന്ന് വഴുതി സ്വഭാവ നടനിലേക്ക് മാറിയപ്പോഴും അയാൾ പ്രേക്ഷകരെ ഞെട്ടിച്ചു. ദേശീയ പുരസ്‌കാര തിളക്കത്തോടെ അഭിമാനത്തോടെ അയാൾ മലയാള സിനിമയുടെ നെറുകയിൽ ചുംബിച്ചു. ഇന്ന് മലയാളത്തിന്റെ സ്വന്തം സലീം കുമാറിന് ജന്മദിനമാണ്. മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യ താരം സലീം കുമാറിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1969 ഒക്ടോബർ 10 ന് വടക്കൻ പറവൂരിൽ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് സലിം കുമാറിന്റെ ജനനം. തന്റെ വിശ്വാസവും പേരും തമ്മിലുള്ള വൈരുദ്ധ്യം പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ നിലപാടുകളുടെ മുഖമായിട്ടുണ്ട്. മതപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ തന്റെ മകന് സലിം കുമാർ എന്ന് പേരിട്ട അച്ഛനെ കുറിച്ചും അദ്ദേഹത്തിനെന്നും അഭിമാനമായിരുന്നു. ചെറുപ്പത്തിൽ ഗായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് മിമിക്രിയിലേക്ക് ചേരുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം അവിടെ മൂന്ന് തവണ യൂണിവേഴ്സിറ്റിയുടെ മിമിക്രി കിരീടം നേടിയിട്ടുണ്ട്. കലാഭവനിൽ നിന്നാണ് അദ്ദേഹം തന്റെ നാടക ജീവിതം ആരംഭിക്കുന്നത്. സിനിമയിൽ എത്തുന്നതിനു മുന്നേ ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു.

1997-ൽ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത “ഇഷ്ടമാണ് നൂറു വട്ടം”എന്ന ചിത്രത്തിലൂടെയാണ് സലീം കുമാർ സിനിമയിലേക്കെത്തുന്നത്. 2000-ൽ പുറത്തിറങ്ങിയ “സത്യമേവ ജയതേ” എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് പിന്നീടദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ അഭിനയം കണ്ട റാഫി മെക്കാർട്ടിൻ പിന്നീട് തന്റെ തെങ്കാശിപ്പട്ടണം എന്ന സിനിമയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 2000-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. പിന്നീട് വന്ന ദിലീപ് സലീം കുമാർ കോമ്പോ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മലയാള സിനിമയിലെ മികച്ച ഹാസ്യ കൂട്ടുകെട്ടായിരുന്നു അത്. തുടർന്ന് 2003 ൽ അദ്ദേഹം ചെയ്ത സി ഐ ഡി മൂസ എന്ന ചിത്രത്തിലെ വേഷം വളരെ അധികം ശ്രദ്ധിക്ക പെട്ടു. മാനസിക രോഗിയായിട്ടുള്ള ദേഹത്തിന്റെ പ്രകടനം ഇന്നും ആളുകളെ ചിരിപ്പിക്കുന്നുണ്ട്.

2004-ൽ കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് വലിയ രീതിയിൽ നിരൂപക പ്രശംസ ലഭിച്ചു. ചിത്രത്തിലൂടെ സലിം കുമാറിന്റെ സ്വഭാവ വേഷങ്ങൾ ചെയ്യാനുള്ള കഴിവ് തെളിയിക്കപ്പെട്ടു . അൽപ്പം ഹാസ്യാത്മകമാണെങ്കിലും, ആ വേഷം യാഥാർത്ഥ്യബോധമുള്ളതായിരുന്നു. സലീം കുമാറിന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ല് തന്നെയായിരുന്നു തുടർന്ന് വന്ന ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ (2005). ചിത്രത്തിലെ അച്ഛൻ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു, പതിവ് വിഡ്ഢി-നിരക്ഷരതയില്ലാത്ത ഹാസ്യ വേഷങ്ങൾ അദ്ദേഹത്തിന് അവഗണിക്കാൻ കഴിഞ്ഞു. ഈ വേഷം അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിക്കൊടുത്തു. പ്രേക്ഷകരെ ഉറക്കെ പൊട്ടിച്ചിരിപ്പിച്ച വേഷങ്ങളിൽ നിന്നും ഉള്ളു തുറന്നു കരയിച്ച വേഷമായിരുന്നു അത്. തുടർന്ന് 2010-ൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവായി അദ്ദേഹത്തെ പ്രഖ്യാപിച്ചു.

2010 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, 2005 ലെ മികച്ച രണ്ടാമത്തെ നടൻ, 2010 ലെ മികച്ച നടൻ, 2013 മികച്ച ഹാസ്യനടൻ,
2016 ൽ സംവിധാനം ചെയ്ത “കറുത്ത ജൂതൻ” എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള പുരസ്‌കാരം, കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ 2013 മികച്ച നടൻ, ഫിലിംഫെയർ അവാർഡ്സ് സൗത്ത് 2011 മികച്ച നടൻ (മലയാളം), സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ2012 പ്രത്യേക ജൂറി അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് 2010 പ്രത്യേക ജൂറി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ2008 മികച്ച ഹാസ്യനടൻ, വനിത ഫിലിം അവാർഡുകൾ2011മികച്ച ഹാസ്യനടൻ. എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

വടക്കൻ പറവൂർ-എറണാകുളം ജില്ലയിലെ “ലാഫിംഗ് വില്ല” എന്ന വീട്ടിലാണ് അദ്ദേഹമിപ്പോൾ താമസിക്കുന്നത്. അദ്ദേഹത്തിനും ഭാര്യ സുനിതയ്ക്കും ചന്തു, ആരോമൽ എന്നീ രണ്ട് ആൺമക്കളുണ്ട്. ചന്തു ഇപ്പോൾ മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ്.
“ഇഷ്ടമാണ് നൂറുവട്ടം മുതൽ” “പഞ്ചായത്ത് ജെട്ടി” വരെ മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഒരു കലാകാരനെന്ന നിലയിൽ ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനെന്നും എളുപ്പമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരന് ഒരികകൾ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.