“പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളും നൊമ്പരങ്ങളും”; “പത്തേമാരിയുടെ” പത്ത് വർഷങ്ങൾ

','

' ); } ?>

സിനിമ ഒരു കഥാമാധ്യമത്തിനപ്പുറത്ത് ജീവിതത്തിന്റെ മറുവശങ്ങൾ അടയാളപ്പെടുത്തുന്ന കണ്ണാടിയാണെന്ന് പറഞ്ഞാൽ തെറ്റില്ല. 2015 ഒക്ടോബർ 9-ന് സലിം അഹമ്മദിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തിയ പത്തേമാരി, അത്തരത്തിലുള്ള ഒരു സിനിമയാണ്. ചിത്രമിറങ്ങി പത്തുവർഷങ്ങൾക്കിപ്പുറവും മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണന്റെ മുഖത്ത് പതിഞ്ഞിരുന്ന നിശ്ശബ്ദ വേദന ഇന്നും മലയാളചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും കാഠിന്യമുള്ള പ്രവാസി വേദനയായി ഓർമ്മിക്കപ്പെടുന്നു. മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ചരിത്രം, പ്രത്യേകിച്ച് 1960-കൾ മുതൽ 2010-കൾ വരെയുള്ള കാലഘട്ടം ചിത്രീകരിച്ച ചിത്രത്തിന് ഇന്നും പ്രസക്തിയേറെയാണ്. പടം കാണുന്ന ഓരോ പ്രേക്ഷകനും പള്ളിക്കൽ നാരായണൻ എന്ന ഒറ്റ കഥാപാത്രത്തിനപ്പുറത്തേക്ക്, നൂറുകണക്കിന് പള്ളിക്കൽ നാരായണന്മാരുടെ സങ്കടങ്ങളും സന്തോഷങ്ങളും അനുഭവിക്കാൻ കഴിയും.

1960-കളിൽ ‘ബോട്ടിലൂടെ ഗൾഫിലേക്കുള്ള യാത്ര’ എന്നൊരു അതിജീവനപദമുണ്ടായിരുന്നു മലയാളികളുടെ ജീവിതത്തിൽ. ആ പദത്തിന്റെ ഏറ്റവും ആഴത്തിലുള്ള വശമാണ് പത്തേമാരി തുറന്നു കാണിച്ചത്. മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളും നൊമ്പരങ്ങളും ഹൃദ്യമായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയും ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.

മമ്മൂട്ടിയുടെ ഭാഷയ്ക്കപ്പുറത്തേക്കുള്ള അഭിനയം ഈ സിനിമയുടെ നാഡിയാണ്. കണ്ണിലെ ക്ഷീണം, ചുണ്ടുകളിൽ പതിഞ്ഞ സ്വയം മറച്ച വേദന, കുടുംബത്തിനായി ജീവിതത്തിന്റെ പകുതിയിലധികവും ത്യജിച്ച് നിൽക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ദൈനംദിന പോരാട്ടം. അഭിനയത്തിനപ്പുറത്തേക്ക് മമ്മൂട്ടിയെന്ന നടൻ ആ മനുഷ്യനെ ജീവിച്ചു കാണിച്ച് തന്നു. മധു അമ്പാട്ടിന്റെ ക്യാമറ കണ്ണുകൾ ആ വേദനയുടെ ഓരോ നിമിഷവും മനോഹരമായി ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മനുഷ്യനിലേക്ക്, അവന്റെ സാഹചര്യങ്ങളിലേക്ക് പ്രകൃതി കടന്നു വരുന്നതും, ഭാഗമാവുന്നതും തമ്മിലുള്ള ബന്ധം ലളിതമായ ഫ്രെയിമുകളിലൂടെ സൂഷ്മമായി തുറന്ന് കാണിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊന്ന് ചിത്രത്തിലെ സംഗീതമാണ്. ബിജിബാലൊരുക്കിയ സംഗീതം സിനിമയുടെ ഹൃദയമിടിപ്പ് തന്നെയായിരുന്നു. “പടിയിറങ്ങുന്നു…” എന്ന ഹരിഹരന്റെ ശബ്ദത്തിൽ കേൾക്കുന്ന ആ ഭാരമുള്ള ഗാനം പ്രവാസത്തിന്റെ ആദ്യ പടി ഇറങ്ങുന്ന നിമിഷം പോലെ തോന്നും. റസൂൽ പൂക്കുട്ടിയുടെ ശബ്ദലോകവും സിനിമയുടെ മാറ്റ് കൂട്ടി. വിമാനമിറങ്ങുന്ന ശബ്ദം മുതൽ കടൽ കാറ്റിന്റെ കുളിർപ്പിൽവരെ, എല്ലാം അത്യന്തം സ്വാഭാവികമായിരുന്നു.

മറ്റു ചിത്രങ്ങളിൽ നിന്ന് പത്തേമാരിയെ വേറിട്ടുനിർത്തുന്നത് അതിന്റെ അവതരണ രീതിയാണ്. പ്രവാസം ഇവിടെ മഹത്വപ്പെടുത്തിയില്ല. മറിച്ച് അതിനെ ജീവിതം കഴിച്ചുതീർക്കുന്ന ഒരനിവാര്യ യുദ്ധമായി മാത്രം അവതരിപ്പിച്ചു. നാരായണൻ ഗൾഫിൽ ഓരോ തവണയും വീട്ടിൽ എത്തുമ്പോൾ, അയാളുടെ ഉള്ളിലെ ശൂന്യതയും ഒറ്റപ്പെടലും കൂടി കുഴഞ്ഞ് വീർപ്പുമുട്ടുന്നത് നമ്മളും അനുഭവിക്കുന്നു. നാട്ടിലും വീടിന്റെ വരാന്തയിലും അയാൾക്ക് സ്വന്തം സ്ഥലം മങ്ങിപ്പോകുന്ന മനോഭാവം, അവിടെയാണ് ഓരോ പ്രവാസിയുടെയും ഏറ്റവും വേദനിപ്പിക്കുന്ന മുഖം ചിത്രം നമുക്ക് കാണിച്ച് തരുന്നത്.

നിരവധി അംഗീകാരങ്ങളും ചിത്രം നേടിയെടുത്തിരുന്നു. 2015-ൽ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ പത്തേമാരി നേടി.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം നേടുകയുണ്ടായി. പത്തേമാരി നേടിയ ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകരുടെ നിശ്ശബ്ദ കണ്ണീരായിരുന്നു. കുടുംബത്തിന് വേണ്ടി പാളത്തിൽ നിന്ന് പാളം മാറി തളർന്ന് നിൽക്കുന്ന പ്രവാസികളെ ഒരു തവണയെങ്കിലും പുതുതായി നോക്കാൻ പഠിപ്പിച്ച സിനിമയായിരുന്നു ചിത്രം. ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും, പള്ളിക്കൽ നാരായണന്റെ ബോട്ട് വീണ്ടും വീണ്ടും നമ്മുടെ ഓർമ്മയിൽ യാത്രതിരിക്കുന്നു.

ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘പത്തേമാരി’. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരക ജുവൽ ആയിരുന്നു ചിത്രത്തിലെ നായിക. കൂടാതെ സിദ്ദിക്ക്, സിദ്ദിക്കിന്റെ മകൻ ഷഹീൻ, സലിം കുമാർ, ജോയ് മാത്യു, തമിഴ് സിനിമ രംഗത്ത് നിന്നും വിജി,ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു.