
വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണമറിയിച്ച് നടൻ വിജയ് ദേവേരകൊണ്ട. സുഖമായിരിക്കുന്നുവെന്നും, കാറിനൊരിടി കിട്ടിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്നും നടൻ പറഞ്ഞു. തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘സുഖമായിരിക്കുന്നു. കാറിനൊരിടി കിട്ടി. പക്ഷേ, ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. പോയി സ്‌ട്രെങ്ത് വര്‍ക്കൗട്ടുംചെയ്തു, ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. എനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും. വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുത്’-വിജയ് ദേവരകൊണ്ട കുറിച്ചു.
തിങ്കളാഴ്ച രാവിലെ തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ എൻഎച്ച്-44 ൽ വെച്ചാണ് അപകടം സംഭവിച്ചത്. സംഅപകടത്തിൽ അദ്ദേഹത്തിന്റെ ലെക്സസ് എൽഎം350എച്ച് എന്ന കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടന്റെ വാഹനത്തിൽ മറ്റൊരു കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയതായാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവർ പ്രാദേശിക പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹനിശ്ചയത്തിന് ശേഷം വിജയ് കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചിരുന്നു. അവിടെനിന്ന് ഹൈദരാബാദിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
അപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതനായി ഹൈദരാബാദിൽ എത്തിച്ചേർന്നിട്ടുണ്ട്. ഒക്ടോബർ 3-നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.