സൂരിയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം; ഒരു കോടി രൂപയുടെ ഉപകരണങ്ങൾ നശിച്ചു

','

' ); } ?>

നടൻ സൂരിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം. രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്. രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽ വീഴുകയും, ഒരു കോടി രൂപയുടെ ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. വെള്ളത്തിൽ വീണവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കടലിൽവെച്ചുള്ള ഒരു രംഗത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.

സൂരി, സംവിധായകൻ മതിമാരൻ പുകഴേന്തി എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചിത്രത്തിലെ ഒരു നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛായാഗാഹകർ നിന്നിരുന്ന ബോട്ട് മറിയുകയായിരുന്നു. അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നതിനാൽ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മറൈൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

‘റോക്കി’ എന്ന ചിത്രത്തിനുശേഷം മതിമാരൻ പുഗഴേന്തി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘മണ്ടാടി’. തെലുങ്ക് താരം സുഹാസ് ആണ് വില്ലനായെത്തുന്നത്. മഹിമ നമ്പ്യാരാണ് നായിക. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സച്ചന നമിദാസ്, രവീന്ദ്ര വിജയ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്.