
വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ഉദ്ഘാടനത്തി നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം. വൈറ്റ് ഗോൾഡിന്റെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു നടൻ. പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുന്നത്. നടക്കാൻ ബുദ്ധിമുട്ടുന്ന ഉല്ലാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. തൻ്റെ ആരോഗ്യപ്രശ്നങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്രയാണ് ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചത്. പൂർണ്ണ ആരോഗ്യവാനായി തിരികെ വന്നിട്ട് തങ്ങൾക്ക് പതിവ് ഡാൻസ് കളിക്കണമെന്ന ആഗ്രഹം ലക്ഷ്മി നക്ഷത്ര പങ്കുവെച്ചു. ചടങ്ങ് കഴിഞ്ഞ് കാറിൽ കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് വികാരഭരിതനാകുന്നതും ‘ചിരിച്ചുകൊണ്ട് പോകൂ’ എന്ന് ലക്ഷ്മി കണ്ണീരോടെ പറയുന്നതും വീഡിയോയിൽ കാണാം.
ഒരു മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് ഉല്ലാസ് പന്തളം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയത്. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മിനിസ്ക്രീനിൽ സജീവമായശേഷം സിനിമകളിലേക്കും അവസരം ലഭിച്ചു. സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചശേഷം വളരെ വിരളമായി മാത്രമെ നടൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
അടുത്തിടെയാണ് ഉല്ലാസ് പന്തളം രണ്ടാമതും വിവാഹിതനായത്. ആദ്യ ഭാര്യയുടെ മരണശേഷം അഭിഭാഷകയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദിവ്യയെയാണ് ലളിതമായ ചടങ്ങിൽ ഉല്ലാസ് വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ വാർത്ത ആരാധകർ അറിയുന്നത്. എന്നാൽ, ആദ്യഭാര്യയുടെ മരണത്തിന് തൊട്ടുപിന്നാലെ വിവാഹിതനായതിന്റെ പേരിൽ ഉല്ലാസിന് ഒട്ടനവധി ആരോപണങ്ങളും പഴികളും കേൾക്കേണ്ടി വന്നിരുന്നു.