
ഗൂഗിളിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് താരദമ്പതികളായ ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള എഐ വീഡിയോകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് ഇരുവരുടേയും ആവശ്യം. ഇതിന് പുറമെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂട്യൂബിന്റെ കണ്ടന്റ് പോളിസിയും തേഡ് പാർട്ടി ട്രെയിനിങ് പോളിസിയും ആശങ്കാജനകമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ ബച്ചൻ ദമ്പതികളോ അവരുടെ പ്രതിനിധികളോ ഗൂഗിൾ വക്താക്കളോ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാദം കേൾക്കുന്ന ജനുവരി 15-ന് മുമ്പായി രേഖാമൂലം മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം ഗൂഗിളിൻ്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1500 പേജുള്ള ഹർജിയാണ് ബച്ചൻ ദമ്പതികൾ സമർപ്പിച്ചിരിക്കുന്നത്. ഗൂഗിളിൽ നിന്നും മറ്റ് എതിർകക്ഷികളിൽ നിന്നും 450,000 രൂപ നഷ്ടപരിഹാരവും ഇത്തരം ചൂഷണങ്ങൾ സ്ഥിരമായി നിരോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ, കോഫി മഗുകൾ, സ്റ്റിക്കറുകൾ, വ്യാജ ഒപ്പുകളുള്ള ചിത്രങ്ങൾ എന്നിവ അനധികൃതമായി കച്ചവടം ചെയ്യുന്നവരെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെതായി പ്രചരിക്കുന്ന അശ്ലീല സ്വഭാവമുള്ളതും ഗുരുതരസ്വഭാവമുള്ളതും സാങ്കൽപ്പികമായ എഐ ള്ളടക്കങ്ങളുടെയും നൂറുകണക്കിന് ലിങ്കുകളും സ്ക്രീൻഷോട്ടുകളും താരങ്ങൾ ഹർജിക്കൊപ്പം കോടതിയിൽ നൽകിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ആദ്യം തന്നെ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും പിൻവലിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഇത് ദമ്പതികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും അവരുടെ അന്തസ്സിനും സൽപ്പേരിനും ഹാനികരമാണെന്നും കോടതി നിരീക്ഷിച്ചു.